Thursday, December 17, 2009

വാരാന്ത്യസമ്മേളനം

ഈ ഫോട്ടോയില്‍ നിന്നായിരുന്നു തുടക്കം. ഈ പക്ഷിയേ നോക്കു, ഇത്രയും അടുത്തു നിന്ന് ഫോട്ടോയെടുത്താല്‍, പക്ഷി പറക്കാതിരുന്നാല്‍  അതിനോടു സംസാരിക്കാം. പക്ഷിയോടു സംസാരിക്കുവാനോ ഒരിക്കലും സാധ്യമല്ല. ഒരു കാര്യം ഞാന്‍ കാണിക്കാം. അവന്‍ ഓടി ഒരു പുസ്തകം എടുത്തു കൊണ്ടു വന്നു. നോക്കു 70 വയസ്സിനു മേല്‍ പ്രായമുള്ള സ്വാമിജി മരത്തില്‍ കയറി കാട്ടു തേനിച്ചകളുടെ കടിയേല്‍ക്കാതെ അതിനോടു സംസാരിക്കുന്നു എന്ന് സ്വാമി രാമ Living with the Himalayan masters എന്ന പുസ്തകത്തില്‍  എഴുതിയിരിക്കുന്നു. "പക്ഷിമൃഗാധികളോടു സംസാരിക്കാന്‍ സാധിക്കും". മനു പറഞ്ഞു തുടങ്ങി, അങ്ങനെയൊന്നുമില്ല,  മനുഷ്യര്‍ക്കു മാത്രമേ ഭാഷയുള്ളു. അതു കൊണ്ടാണ് അവന്‍ വലിയ സംസ്കാരം ഉണ്ടാക്കിയെടുത്തത്. ലോകത്തില്‍ ഒരു  Supernatural phenomena and causations  ഇല്ല, ഞാന്‍ Charles Darwin –ന്റെ  ചിന്താധാരയെ പിന്‍തുടരുന്നു.

നീ ഒന്നും പറയേണ്ട "അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നത് എന്നും മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞു കൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്നും ഞാന്‍ അറിയുന്നു" എന്ന് വി. പൗലൊസ് എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടോ.  നിന്റെ ഒരു ദൈവശാസ്ത്രം. ഒന്നു പോടേ... Charles Darwin  അന്ന്  Galapagos Islands -ലേക്ക് യാത്ര തിരിച്ചതു കൊണ്ട് നീയെക്കെ ഇങ്ങനെയൊക്കെയും  ചിന്തിക്കാം എന്നു അറിയുന്നത്.

ആര് അങ്ങനെയൊക്കെ ചിന്തിക്കണം

എല്ലാത്തിന്റെയും തുടക്കം യാത്രയില്‍ നിന്നാണ്, അല്ലെങ്കില്‍ റോഡുകളോടുള്ള ആഗ്രഹമാണ്. വളരെ ദുഃഖമുണര്‍ത്തുന്നതാണ് അരുണ്‍ വീംബൂരിന്റെ (Arun Veembur) എന്ന പത്രപ്രവര്‍ത്തകന്റെ നിര്യാണം. റോഡുകളുടെ ചരിത്രം അന്വേഷിച്ചു സഞ്ചരിച്ചവന്‍. വഴിയുടെ സംഗീതം എന്നാണ് പാഥേര്‍ പാഞ്ചാലി എന്ന വാക്കിന്റെ ഏകദേശ അര്‍ത്ഥം. സത്യജിത് റേയുടെ പ്രസിദ്ധമായ സിനിമ.  സിനിമയുടെ അവസാനം പ്രവാസത്തിലേക്ക് യാത്ര തിരിക്കുന്ന കുടുംബത്തിന്റെ കഥ. പ്രവാസത്തിലേക്കു യാത്ര തിരിക്കുന്നവരാണ് വഴി കണ്ടു പിടിക്കുന്നത്. ലാസര്‍ ഡിസില്‍വായുടെ ബ്ലോഗിന്റെ പേരും വഴിയുടെ സംഗീതം   (http://vazhiyute-sangeetham.blogspot.com/) എന്നാണ്.

എടേ, Robert M. Pirsig- ന്റെ ഒരു കഥാപാത്രം പറയുന്നത് കൊളംബസ് നടത്തിയ യാത്രയുമായി താരതമ്യം ചെയ്യുബോള്‍ ചന്ദ്രപര്യവേക്ഷണം ഒരു ടീ പാര്‍ട്ടി മാത്രമാണെന്നാണ്. ജോനാഥാന്‍ സ്വിഫ്റ്റിന്റെ ഗളിവറുടെ യാത്രകളോ.


ജയിംസ് കാമറോണിന്റെ "അവതാര്‍" ഉം ഒരു വലിയ യാത്രയെപ്പറ്റി പറയുന്ന കഥയാണ് എന്നാണ് കേട്ടത്.

അതിനിടെയില്‍  ഈ ഫോട്ടോ കണ്ട് ഞനെഴുതിയതു കണ്ടോ.

എല്ലാവരും ശ്രദ്ധിച്ചിരിക്കണം അതിന്റെ തലക്കെട്ട് "തേടി അലയുന്ന ഒരായിരം കഥകള്‍'

മര കൊമ്പ്‌ തേടിയലഞ്ഞ പക്ഷി
വന്നിരുന്നത് ജനല്‍ കൊമ്പില്‍.

കൊമ്പുകളൊന്നും കാണാതെ വേറെ ഒരായിരം പേര്‍.

കൊമ്പനെ കാണാത്തവരും വരും ഒരായിരം.

എല്ലാം കാണുന്ന മൂന്നാലുപേര്‍ ഒത്തുകൂടിയിരുന്നത് മുറ്റത്തല്ല.

പടിഞ്ഞാറിറങ്ങുന്ന സൂര്യന്‍ നിഴല്‍ പരത്തുന്ന
കവിയൂരിന്റെ അമ്പലപറമ്പിലല്ല.

മനുഷ്യ മനസ്സിന്റെ ബഞ്ചുകളില്‍ അവര്‍ കയറിയിരുന്നു.
അലറിതിരയുയര്‍ത്തിയാടുന്ന കടല്‍ ഇവിടെയില്ല.

അത്മീയത കയറിവരുന്ന കടല്‍ കാറ്റ് ഇവിടെയിരുന്ന്
ഹെമിംഗ് വേ കൊണ്ടിട്ടില്ല.

പക്ഷികള്‍ അലയാത്തതിന്റെ അകാശ നോവുകള്‍ മരുഭൂമിയില്‍ നിന്നും
ജനല്‍ കൊമ്പുകള്‍ കേട്ടു തുടങ്ങുന്നു.

ആരും പറയാത്ത കഥകള്‍ കൊണ്ടു് വന്ന ഈ ചെറു പക്ഷിയെ
എന്റെ മകന്‍ കണ്ടു.

ഞാന്‍ കണ്ടത് ആ പക്ഷിക്കണ്ണുകളില്‍ ഒരായിരം ചെറുകഥകള്‍
മിടിക്കുന്ന ഹൃദയത്തിന്റെ ചൂട് ആ കഥകള്‍ക്കുണ്ട്.

പക്ഷി കഥകള്‍ തേടി വീണ്ടും യാത്രയായി.
കേട്ട കഥകള്‍ ജനല്‍ തുറന്ന് വിതറുമ്പോള്‍

ഒരായിരം ചെറുതാളുകളായി, ഒരായിരം ദേശത്ത്,
കാണാത്ത, കേള്‍കാത്ത ഒരായിരം പേരേ തേടി അലയുന്നു
നിറയുന്ന കണ്ണുനീരിന്റെ ദുഃഖവുമായി.

നോക്കു, നമ്മള്‍ ഭാഷയില്‍ നിന്നു സിനിമായിലായി, അവിടെ നിന്നും കവിത എഴുതാന്‍ അറിയാത്തവന്റെ കവിതയിലേക്കും. എന്നാല്‍ സിനിമായുടെ ചരിത്രമോ, ഭാഷയില്ലായ്മയില്‍ നിന്നും ഭാഷയിലേക്കും.

അടുത്ത ദിവസം ഇതിനെപ്പറ്റി സംസാരിക്കാം
ഇപ്പോള്‍ പിരിയാം, വീണ്ടും കാണാം Good Night........

Thursday, December 3, 2009

കാണാത്ത സത്യങ്ങള്‍ - ചില വിപരീത ചിന്തകള്‍

സാര്‍, ഈ കാണുന്നതിനെല്ലാം എന്തോ കുഴപ്പമുണ്ട്, കാണാത്തതു മാത്രമാണ് സത്യം.

പണ്ടൊക്കെ ആളുകള്‍ മേഘങ്ങളെ കണ്ട് ഇങ്ങനെയൊക്കെയാണെങ്കില്‍ മഴ പെയ്യും എന്നു പറയുമായിരുന്നു,കാറ്റ് ഈ വശത്തേക്ക് വീശുകയാണെങ്കില്‍ തണുപ്പിന് സാധ്യത കൂടുതല്‍ ഉണ്ട് എന്നും. ഇങ്ങനെയുള്ള അറിവുകള്‍ ഉള്ളവര്‍ ഇപ്പോഴും കാണുമായിരിക്കും.എങ്കിലും, ഇങ്ങനെയുള്ള നമ്മളില്‍ ഉണ്ടായിരുന്ന അറിവുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കാഴ്ചയുടെ കാര്യവും ഇപ്രകാരമൊക്കെ തന്നെയാണ്. Michael Shermer എഴുതിയ How we believe എന്ന പുസ്തകത്തെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം സ്ഥാപിക്കുവാന്‍ ശ്രമിച്ചത് തലച്ചോറ് ഒരു വിശ്വാസ യന്ത്രമാണ് എന്നാണ്. പ്രകൃതിയില്‍ നമ്മള്‍ കണുന്നതിനെ,അതില്‍ നിന്നും മാതൃകളിലൂടെ കുത്തുകള്‍ ബന്ധിപ്പിച്ച് ഇതിനെ തിരിച്ചറിയുവാന്‍ കഴിവുള്ള നമ്മുടെ തലച്ചോര്‍ ഒരു പൊരുള്‍ ഉണ്ടാക്കുന്നു.അങ്ങനെ

യുവെഫോളജിസ്റ്റുകള്‍ ബുധനില്‍ ബുദ്ധനെ കാണും.
കപട അത്മീയര്‍ പാറകളില്‍ ദൈവത്തിന്റെ പടം കാണുന്നു.
പാരനോര്‍മലിസ്റ്റുകള്‍ മരിച്ചവര്‍ റേഡിയേവിലൂടെ സംസാരിക്കുന്നത് കേള്‍ക്കുന്നു,
ബ്ളോഗറുമാര്‍....

എന്തു കൊണ്ട് ഇങ്ങനെയെക്കെ സംഭവിക്കുന്നു.

കാഴ്ചയും അതിന്റെ വിശ്വാസവും അതതിന്റെ വര്‍ഗ്ഗ തലത്തില്‍ നമ്മുടെ തലച്ചോറില്‍ എഴുതിക്കപ്പെട്ട മാതൃകയില്‍ സംഭവിച്ചേക്കാം, പക്ഷെ മരണം തലച്ചോറിനു വെളിയില്‍ ആരോ എഴുതപ്പെട്ട മാതൃകയില്‍ സംഭവിക്കുന്നു. മരണത്തോടു കൂടി നമ്മുടെ സകല മാതൃകകളും അവസാനിക്കുമ്പോള്‍ ചില മാതൃകകള്‍ അപ്പോഴും തുടരുന്നു.

അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ വ്യക്തി തന്റെ പിതാവിനെ ചിലപ്പോള്‍ ഒരു കപടവേഷധാരി (Impostor) ആണ് എന്നു പറയുകയും ഫോണില്‍ കൂടി സംസാരിക്കുബോള്‍ യാതൊരു സംശയവും ഇല്ലതിരിക്കുകയും ചെയ്യുന്നത്, കാഴ്ചയുടെ പൊരുള്‍ തിരിക്കല്‍ സംവിധാനത്തിനുള്ള എന്തോ തകരാറാണ്. കാഴ്ചയും അതിനെ വികാരവുമായി ബന്ധിപ്പിക്കുന്ന തന്തുവിന്റെ പ്രശ്നവുമായിരിക്കാം. ഇങ്ങനെയുള്ള ചെറിയ തകരാറ് മനുഷ്യനെ മൃഗമാക്കിതീര്‍ക്കാം.

മോണോലിസയുടെ ചിരിക്കും ഗൗരവത്തിനും കാരണമെന്താണ്. അലിഞ്ഞു പോകുന്ന ചിരിയുടെ സ്ഥാനത്ത് ഗൗരവം നിഴലിടുന്നത് Leonardo da Vinci -യുടെ ഏതു മാജിക്കു കൊണ്ടാണ്.

വിപരീത ചോദ്യം:

സാര്‍, കാണാതെ വിശ്വസിക്കുന്നതിനെ എന്തു പറയും?, കാണുന്നതില്‍ ചില അസത്യമുണ്ടെങ്കില്‍ കാണാത്തതില്‍ ചില സത്യങ്ങള്‍ ഉണ്ടോ?

Saturday, November 28, 2009

കാറുകള്‍ വട്ടം കറക്കുന്ന കുട്ടികള്‍

ഇവിടെ കാറുകള്‍ വട്ടം കറക്കുന്ന കുട്ടികള്‍ ഇറങ്ങുവാന്‍ ഇഷ്ടപ്പെടുന്നത് മഴ ഉള്ളപ്പോള്‍ ആണ്. മഴയ്ക്കു മറുപാട്ടുപ്പാടുന്ന ചിന്ന കാറുകളുടെ ഇരമ്പല്‍.വേനല്‍ കാലം കഴിഞ്ഞുള്ള മഴ കഠിനമായ തണുപ്പിനെയും, തണുപ്പുകാലം കഴിഞ്ഞുള്ളത് ചൂടിനെയും അതതിന്റെ പുതപ്പിനുള്ളില്‍ നിന്ന് ഇറക്കികൊണ്ട് വരുന്നു.മഴ ആകാശത്തു നിന്നും കെട്ടഴിഞ്ഞു വീഴുമ്പോള്‍, മണല്‍ തരിക്കുള്ളില്‍ മരുഭൂമി അടക്കി വച്ചിരിക്കുന്ന നുകം ഭേദിച്ച് ചൂട് പുറത്തേക്കു ചാടുകയാണ്,എന്നാല്‍ ചൂടു സമയത്തുള്ള മഴ സമുദ്രങ്ങളില്‍ നിന്നും തണുപ്പിനെ കൈ പിടിച്ചു കയറ്റി കൊണ്ടു വരുന്നു.

ഇപ്പോള്‍ ഇവിടെ നല്ല തണുപ്പാണ്.

മനുഷ്യര്‍ നടക്കുന്ന മരുഭൂമിയുടെ മുകളില്‍ ചള്ള നിറയുബോള്‍ അവന്റെ കാല്‍ തെടാത്ത സ്ഥലങ്ങള്‍ പ്രശ്നങ്ങളില്ലാതെ കിടക്കുന്നു. ശാന്തമായി കിടന്ന് അയവിറക്കുന്ന പശുവിനെ കണ്ടിട്ടില്ലെ,മരുഭൂമിയുടെ ശാന്തത ഓര്‍മിപ്പിക്കും. രാവണ്ടികള്‍ ഓട്ടം എപ്പോഴോ നിര്‍ത്തി, അവധിയുള്ള പ്രഭാതം ശാന്തമാണ്.

കാറു വട്ടം കറക്കുന്ന കുട്ടികള്‍ ഉറങ്ങുകയായിരിക്കും. വളരെയധികം സുന്ദരിയായ മഴ തുള്ളിചാടി പോയ റോഡുകളെ പ്രകോപിപ്പിക്കുവാന്‍ അവര്‍ വീണ്ടും വരും. ഒരു പക്ഷെ ശബ്ദവും വെളിച്ചവും തരാമെന്നു പറഞ്ഞ് ഇടിമിന്നലും വന്നേക്കാം

നമ്മുക്കു കാത്തിരിക്കാം...

Friday, November 27, 2009

മഴ പെയ്ത ദിവസം

കുവൈറ്റില്‍ മഴ പെയ്ത ദിവസം 26th November 2009



റോഡില്‍ മഴയോടു മഴ

Thursday, November 26, 2009

മരുഭൂമിയിലെ മഴ

ഇന്ന് കുവൈറ്റില്‍ രാവിലെ നല്ല മഴ പെയ്തു. ചില സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം അവധിയായതിനാല്‍ റോഡ് അപകടങ്ങള്‍ കുറവായിരുന്നു. രാവിലെ ആകാശത്തേക്ക് നേക്കിയപ്പോള്‍ വളരെ മനോഹരം. ഒരു ഫോട്ടോ എടുത്തു. ഓഫീസിലേക്കുള്ള യാത്ര മദ്ധ്യേ വീണ്ടും ഒരെണം കൂടി. വൈകിട്ട് നല്ല തണുപ്പും തുടങ്ങി.

Ingmar Bergman-ന്റെ Det Sjunde inseglet(The Seventh Seal)- നെ ഒര്‍മിപ്പിക്കുന്ന ചില ആകാശ ചിത്രങ്ങള്‍ ചിലപ്പോഴെങ്കിലും മരുഭൂമിക്കു മുകളില്‍ പ്രത്യക്ഷപ്പെടും. ഇങ്ങനെയുള്ള പ്രത്യക്ഷപ്പെടലിന്റെ ഇടവേളകളിലാണ് ചിലരുടെയെങ്കിലും ലോകം രൂപപ്പെടുന്നത്. അവിടെ നിന്നും നെയ്തിറങ്ങുന്ന ചില കുറിപ്പുകളും. എന്നാല്‍ ലൂയി ബുന്യുവലും സാല്‍വദോര്‍ ദാലിയും ചേര്‍ന്നൊരുക്കിയ Un Chien Andalou(An Andalusian Dog) 'ആന്‍ഡലൂസിയന്‍ പട്ടി'(1929)സ്വപ്നത്തില്‍ കടഞ്ഞെടുത്തതാണ്.മിക്കവാറും കാണുന്ന സ്വപ്നത്തിന്റെ ഘടന. എഴുത്ത് ഇങ്ങനെ അനുഭവങ്ങളിലൂടെയും ഒര്‍മകളിലൂടെയും സ്വപ്നത്തിലൂടെയും വന്ന് ഭാഷയിലൂടെ പുനര്‍ജനിക്കുന്നു.

സാഹിത്യത്തിന്റെ തീ പിടിച്ച്, അധികം കത്തി തീരാതെ മരുഭൂമിയിലെ ചൂട് കൊണ്ട് തീയെ കാത്തു സൂക്ഷിച്ച്, മണല്‍ തരികളില്‍ നിന്ന് ചിലതെക്കെ സംഭരിച്ച്, വല്ലപ്പോഴും ചിലതെക്കെ പകര്‍ന്ന് നടക്കുന്ന,ചിലരെങ്കിലും ഇവിടെയുണ്ട്.തണുപ്പു കാലത്ത് കലയുടെ തീ അവര്‍എങ്ങനെ സംരക്ഷിക്കുന്നു? ഒരു പക്ഷെ ഇനിയും Structuralism, Postmodernism, Deconstruction തുടങ്ങിയവയിലേക്ക് തിരിച്ചു വന്ന് വീണ്ടും സംസാരിച്ചു തുടങ്ങിയേക്കാം. Movies-ലാണെങ്കില്‍ realism, neo realism, Denotation & Connotation values, auteur theory.....ഭാവിയിലെ സിനിമാ ശൈലിയെപ്പറ്റി....

മഴ പെയ്യുമായിരിക്കും, തണ്ണുപ്പ് വന്നു കഴിഞ്ഞു. തീ ആളികത്തുവാന്‍‍,ശക്തി അറിയുവാന്‍....

Saturday, November 21, 2009

ഇപ്പോഴുള്ള കാഴ്ചക്കപ്പുറമുള്ള ലോകം

Manu എന്ന friend എഴുതിയ comment ഇപ്രകാരമാണ് തുടങ്ങുന്നത്
ഒരു നിലാവുള്ള രാത്രിയില്‍ കടല്‍തീരത്ത് പൂഴി മണലിന്റെ ചെറുംചൂടും പറ്റി മലര്‍ന്നു കിടന്ന്
ഏകനായ് നീലാകാശത്തിന്റെ വിദൂരതയിലേക്ക് കണ്ണും നട്ട് കിടക്കുമ്പോള്‍ ..

ഇതു വയിച്ച് വീണ്ടും കാഴ്ചയുടെ ചിന്തകളിലേക്ക്...., അവിടെ നിന്നാണ് ചില എഴുത്തെങ്കിലും തുടങ്ങുന്നത്.

Levi Strauss എഴുതിയിരിക്കുന്നത് പകല്‍ വെളിച്ചത്തില്‍ Planet Venus-നെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിച്ചിരുന്ന ഒരു tribe ഉണ്ടായിരുന്നുവെന്നാണ്. പണ്ട് കടലില്‍ യാത്ര ചെയ്തവര്‍
ഇങ്ങനെ കണ്ടിരുന്നുപോലും.കണ്ണിന്റെ റെറ്റിനയിലെ ചില nervous cells-ന്റെ പ്രവര്‍ത്തനം മൂലം നേരെയുള്ള കാര്യങ്ങള്‍ കാണുമ്പള്‍ ചില cells മുഖേന കാണുന്നത് വേറെ ചിലതാണ്.

മനുഷ്യര്‍ 400 മുതല്‍ 700 വരെ നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശത്തെയാണ് കാണുന്നത്.

നല്ല കാഴ്ച ശക്തിയുണ്ടായിരുന്നുവെങ്കില്‍ പൊളറൈസ് ചെയ്ത പ്രകാശ പാറ്റേണുകള്‍, മറ്റു ചില വിസ്മയ കാഴ്ചകള്‍ തുടങ്ങിയവ നമ്മുക്കു കാണുവാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴുള്ള കാഴ്ചക്കപ്പുറമുള്ള ലോകം എന്താണ്. നമ്മള്‍ കാണുന്ന തരംഗദൈര്‍ഘ്യത്തിനപ്പുറമുള്ള പ്രകാശലോകം ഏതാണ്?...

അവിടെ നിന്നായിരിക്കാം ചില അത്ഭുതങ്ങളുടെയെങ്കിലും തുടക്കം....

Wednesday, November 4, 2009

Claude Levi-Strauss

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് Myth and Meaning. Claude Levi-Strauss എന്ന അടുത്തയിടെ അന്തരിച്ച ലോക പ്രശസ്തനായ അതികായകന്‍ നടത്തിയ പ്രഭാഷണങ്ങളാണ് പുസ്തകത്തില്‍ . ഒരു composer, കുറഞ്ഞ പക്ഷം ഒരു orchestra leader എങ്കിലും ആകുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ Opera ക്കുവേണ്ടി സംഗീതം ചെയ്യുന്നതിനു്‌ വളരെയധികം ശ്രമിച്ചെങ്കിലും നടന്നില്ല, കാരണം ബുദ്ധിയില്‍ അതിനുതകുന്ന എന്തോ കുറവുള്ളതിനാല്‍ എന്ന് അദ്ദേഹം എഴുതി. പക്ഷേ ശബ്ദം compose ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും Meaning - ലൂടെ അദ്ദേഹത്തിനു അതു സാധിച്ചിരിക്കുന്നു. Consumers മാത്രമായി ചുരുങ്ങുന്നതിലുടെ നമ്മള്‍ വിനാശത്തെ നേരിടുകയാണ്. എവിടെ നിന്നും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഏതു Culture -ല്‍ നിന്നും നമ്മുക്ക് Consume ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുന്നു, പക്ഷെ അതിന്റെ Originality നഷ്ടപെടുത്തികൊണ്ട് എന്ന് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പറഞ്ഞു . Padma Shri Mattanur Sankarankutty എവിടെ വന്നപ്പോള്‍ പറഞ്ഞത് ചെണ്ട എന്ന വാദ്യോപകരണത്തിന്റെ Originality, Fusion എന്ന സംഗീത കലയിലൂടെ നഷ്ടപെടുകയാണ് . മരുഭുമിയില്‍, കേരളത്തില്‍ നിന്നുള്ള, പതിനെട്ടു വാദ്യങ്ങളില്‍ പ്രധാനിയായ ചെണ്ടയുടെ Originality നഷ്ടപെടുന്നു. എന്നാല്‍ യുറോപ്പിലും മറ്റും ചെണ്ടയെയും മറ്റു വദ്യോപകരണങ്ങളേയും സംഗീതത്തേയും അതിന്റെ പാരമ്പര്യ രീതിയില്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു. ചെറുപ്പക്കാര്‍ ഇഷ്ടപെടുന്ന Fusion -നിലൂടെ എന്തൊക്കെയോ നഷ്ടപെടുന്നുവോ?

ലോകത്തില്‍ നിന്നും മഹത്തായ ചിന്തകര്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. അവര്‍ പറഞ്ഞതെന്തെന്നു ചിലപ്പോള്‍ ഓര്‍ക്കുന്നു അവരേയും അങ്ങനെ നമ്മളേയും.

Saturday, October 10, 2009

എഴുത്തിന്റെ ലോകം,കാഴ്ചയുടേയും.

അഴികളിട്ട മുന്‍ വശത്തെ വാതിലിലൂടെ ആദ്യമായി പുറത്തേക്കു നോക്കുന്ന കുഞ്ഞിന്റെ വിശാലമകുന്ന ലോകം കാഴ്ചയുടെ സന്തോഷമാണ് നല്‍കുന്നത്. എഴുത്തിന്റെ ലോകം കാഴ്ചയുടേതുമാണ്. ഡയറി കുറിപ്പുകള്‍ അതിന്റെ പേജുകള്‍ വെടിഞ്ഞിട്ടലഞ്ഞു നടക്കുന്നില്ല, എന്നാല്‍ നിരത്തിലൂടെ ദിനോസറസ്സുകളും, സിംഹങ്ങളും വളരെ വേഗത്തില്‍ കുതിക്കുന്നതു കാണുന്ന കാഴ്ചയുടെ അപാരതകള്‍ എവിടെ എങ്ങനെ വരഞ്ഞിടും. കാര്‍ ഫാസ്റ്റ് ട്രാക്കില്‍ കയറാതെ നമ്പർ 30 റോഡിലുടെ രാത്രി സമയം വെറുതെ ഓടിക്കുക നിങ്ങള്‍ക്കും കാണാം ഈ കാഴ്ചകളുടെ അപാരതകള്‍ .

ഓർമ്മകൾ എവിടെ എഴുതപ്പെടുന്നു

ആയിരക്കണക്കിനു വർഷങ്ങളുടെ ഓർമ്മകൾ പഴയ തറവാടിന്റെ ഭിത്തികളിലും മനുഷ്യർ കയറാത്ത പ്രദേശങ്ങളിലും പറ്റി പിടിച്ചു കിടക്കുന്നു. ആ ഓർമ്മകൾ ദൈവം തമ്പുരന്റെ ന്യായവിധിക്കുത്തരം പറയാൻ കാത്തു കിടക്കുന്നു. ചുമരിൽ നിന്നു കല്ലു നിലവിളിക്കുകയും മരപ്പണിയിൽ നിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ എന്ന് എഴുതപ്പെട്ടതണ്. Paulo Coelho, The Alchemist എന്ന പുസ്തകത്തിൽ "Maktub" മക്തൂബ്ബ്‌ ഏന്ന് ഏഴുതിയതിനു മുൻപ്‌ അറിയവുന്ന പദം. "It is written" എന്ന് അർത്ഥം. അത്‌ അത്ര തന്മയത്തോടെ ആരെങ്കിലും എഴുതിയിട്ടുണ്ടോ? അറബിയില്‍ ഇക്ത്ബ്‌ എന്ന ഒരു പദം ഉണ്ട്‌. എഴുതുക എന്ന് അർത്ഥം. എഴുത്തിലൂടെ എന്താണു തേടുന്നത്‌. എഴുതിയിരിക്കുന്നതിൽ എന്താണ് ഉള്ളത്‌. എഴുത്തിലൂടെ എന്താണ് ഉരുത്തിരിഞ്ഞു വരുന്നത്‌. ഒർമ്മകൾ നമ്മുടെ മനസ്സിലാണോ അതോ പുറത്തുള്ള വസ്തുക്കളിലാണോ വസ്സിക്കുന്നത്‌. ഓർമ്മകൾ നിരന്തരം യാത്ര ചെയ്യുന്നില്ല. മനസ്സിലും പുറത്തും എഴുതപ്പെടുന്നുണ്ട്‌.