Monday, April 19, 2010

പകല്‍ രാത്രിയാകുന്നത് എങ്ങനെ?

കുവൈറ്റില്‍ രാവിലെ സമയം 7.45 കഴിഞ്ഞു. എന്നാല്‍ ഓഫീസിലേക്ക് ഇറങ്ങിയപ്പോള്‍ രാത്രി 7.45 പോലെ തോന്നിച്ചു. വഴി വിളക്കുകള്‍ മുതല്‍ എല്ലാ വിളക്കുകളും കത്തി. സജീബ് പറഞ്ഞത് വെള്ളിയാഴ്ചയായിരുന്നുവെങ്കില്‍ ലോകം അവസാനിക്കുകയാണെന്ന് വിചാരിച്ചേന്നേ. കാരണം ദൂരെ രണ്ടു മൂന്ന് കറുത്ത തൂണുകള്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. എല്ലായിടവും ഇരുട്ട് വ്യാപിക്കുന്നു. മുജീബ് സുലൈബയ്ക്കടുത്ത് കടയില്‍ പോയപ്പോള്‍ കറത്തിരുണ്ട് വലിയ പൊടി കാറ്റ് വരുന്നു. അങ്ങനെയെന്ന് ജീവിതത്തില്‍ കണ്ടിട്ടില്ല. അവന്‍ വണ്ടിയുടെ അടുത്തേക്ക് ഓടി.  വണ്ടിയുടെ അടുത്തെത്തുന്നതിനു മുമ്പ്‌ എല്ലാം ഇരുണ്ട് കഴിഞ്ഞിരുന്നു. വണ്ടിയില്‍ പോയി ഇടിച്ചു നിന്നു. ദജ്ജാലിന്റെ വരവാണോ?. സിറിയക്കും ഇറാക്കിനുമിടയിലുള്ള "ഖല്ല" യില്‍ നിന്നാണ് അവന്‍ പുറപ്പെടുന്നതെന്നു കേട്ടിട്ടുണ്ട്. അന്തിക്രിസ്തുവിന്റെ വരവാണോ? യേശു ക്രിസ്തുവിന്റെ കാലത്തുള്ള റോമാ സാമ്രാജ്യത്തിനു പകരമായല്ലേ യുറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത്. 2012- ല്‍ കാലം അവസാനിക്കുന്ന മായന്‍ കലണ്ടറും   ഇതെല്ലാം  ജനങ്ങളില്‍ ഉളവാക്കുന്ന ഭീതിയും. നാട്ടിലാണെങ്കില്‍ കൊടിയ ചൂടും.

 
ഇരുട്ടിന്റെ മീതെ ഭയങ്കര മഴ. ഇരുട്ട് അവസാനിച്ചു. വഴക്കുണ്ടാകുന്ന കൊച്ചു കുട്ടികളെ അടിക്കുവാന്‍ വടിയുമായി ഓടി നടക്കുന്ന അമ്മയായി ആ മഴ എത്തിയതു നല്ലതായി. മഴയെ ആരാണ് സ്നേഹിക്കാത്തത്, കണ്ടു നില്‍ക്കുവാന്‍ കൊതിക്കാത്തത്?.

ഇവിടെയിരുന്നാലും മാജിക്കല്‍ റിയലിസം എഴുതാം, ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു. എഴുതിയാല്‍ ഇതു കാണാത്ത, അനുഭവിക്കാത്ത ആര്‍ക്കെങ്കിലും മനസ്സിലാകുമോ?.  ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല.................

YOUTUBE - ല്‍ പോയി Sand Storm Kuwait- 17 April 2010 എന്ന് അന്വേഷിച്ചാല്‍ കുറച്ചു മനസ്സിലാകും. രാവിലത്തെ എട്ടു മണിയെങ്ങനെ രാത്രി എട്ടു മണി പോലെയാകുമെന്ന്.