Saturday, December 31, 2011

ടാര്‍സിയറും ടാര്‍സനും.

എല്ലാവര്‍ക്കും നന്മയും, സന്തോഷവും, സമ്യദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍.


ചിലര്‍ പ്രശ്നങ്ങളെ അതിജീവിക്കുന്നു. ചിലര്‍ പ്രശ്നങ്ങളില്‍ മുങ്ങി മരിക്കുന്നു. ആ കൂട്ടത്തില്‍ പെട്ടവരാണ് അതികഠിനമായ ജോലി സമര്‍ദ്ധത്തില്‍ പെട്ട്, കടഭാരത്തില്‍ അല്ലെങ്കില്‍ പലവിധ പ്രശ്നങ്ങളില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നത്.

സയന്‍സില്‍ മനുഷ്യനും കൂടി ഉള്‍പ്പെടുന്ന സസ്തനികള്‍ ഉള്ള ഗ്രൂപ്പിനെ പ്രൈമേറ്റ് എന്നറിയപ്പെടുന്നു. ആ ഗണത്തിലുള്ള ഏറ്റവും ചെറിയ ഒരു കൂട്ടമാണ് ടാര്‍സിയേഴ്സ് എന്നറിയപ്പെടുന്നത്. അതില്‍ ഫിലിപ്പൈന്‍ ടാര്‍സിയര്‍ (Philippine Tarsier) എന്ന ഒരു വിഭാഗമുണ്ട്. വലിയ ഉണ്ട കണ്ണുകളുള്ള 180 degrees തല തിരിക്കുവാന്‍ കഴിവുള്ള വളരെ ചെറിയ ഒരു ജീവി. ഒരു കാമറ ഫ്ലാഷ് മതി ഒരു ടാര്‍സിയറിനെ കൊല്ലുവാന്‍. അതിനെ ഒരു കൂട്ടിലടച്ചാല്‍, ഭിത്തിയിലോ, അഴിയിലോ തലയോട് പിളരുന്നതു വരെ തലയിട്ടടിച്ച് ആത്മഹത്യ ചെയ്യും ഈ ജീവി. എപ്പോഴും ഇതിനെ മനുഷ്യര്‍ കൈയില്‍ എടുക്കുകയാണെങ്കില്‍ അതിന്റെ സമ്മര്‍ദ്ധം കൊണ്ട് മരിച്ച് പോകുവാനും മതി.  സാഹചര്യ സമ്മര്‍ദ്ധം കൊണ്ട് ആത്മഹത്യ ചെയ്യുന്ന ഒരു വിചിത്ര ജീവിയാണ് ടാര്‍സിയര്‍.

Edgar Rice Burroughs - ന്റെ സ്യഷ്ടിയാണ് ടാര്‍സന്‍. ടാര്‍സന്റെ കാര്‍ട്ടൂണ്‍ പണ്ട് പത്രത്തില്‍ എല്ലാ ഞായറാഴ്ചയും വന്നിരുന്നു. ചെറുപ്പത്തില്‍ അത് വായിക്കുവാനായി കാത്തിരിക്കുമായിരുന്നു. പിന്നീട് അത് പുസ്തക രൂപത്തില്‍ മലയാളത്തില്‍ വന്നു. ടാര്‍സന്‍ വനത്തില്‍ വളര്‍ന്നവന്‍ എന്നാല്‍ എല്ലാ വിധ പ്രതിസന്ധിയേയും അതിജീവിക്കുന്നവന്‍. ക്ഷീണമുള്ളവന്റെ പക്ഷത്തു നിന്നു കൊണ്ട് അവനെ അക്രമിക്കുന്ന ബലവാനായിരിക്കുന്നവനെതിരെ പോരാടുന്നവന്‍. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നവന്‍. അവനെയും വളര്‍ത്തി വലുതാക്കിയത് മനുഷ്യര്‍ ഉള്‍പ്പെടുന്ന പ്രൈമേറ്റിലുള്ള ഒരു വിഭാഗവും.

രണ്ടു വഴിയെയുള്ളു നിങ്ങള്‍ക്ക് ഒരു ടാര്‍സനെ പോലെ പ്രതിസന്ധികളെ അതിജീവിച്ച്, പ്രകൃതിലേക്ക തിരികെ വന്ന് ജീവിക്കാം, അല്ലെങ്കില്‍ ഒരു ടാര്‍സിയറിനെ പോലെ മരിക്കാം.
ഏതു വേണം ഈ പുതുവര്‍ഷത്തില്‍, ആത്മഹത്യ ചെയ്യുവാന്‍ പോകുന്നവര്‍ കുറഞ്ഞ പക്ഷം ടാര്‍സനെയെങ്കിലും ഓര്‍ക്കുക, അല്ലെങ്കില്‍ നഗരത്തിലുള്ള ടാര്‍സനെ കണ്ടു പിടിക്കുക, ജീവിതം തുടരുക. നിലനില്‍ക്കുവാന്‍ കഴിവില്ലാതെ അത്മഹത്യ ചെയ്യുന്ന കര്‍ഷകരും, ജോലി സമ്മര്‍ദ്ധം താങ്ങാനാകാതെ അത്മഹത്യ ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജോലിക്കാരും ഇനിയും മലയാളികളില്‍ ഉണ്ടാകരുത്. നിങ്ങള്‍ ടാര്‍സിയേഴ്സിന്റെ പിന്‍ഗാമികള്‍ അല്ല.

ഒരു കഥാകാരന് എന്തായാലും ഇങ്ങനെ പറയാം, ടാര്‍സിയറും ടാര്‍സനും ഒരു നഗരത്തില്‍ എപ്പോഴും കാണും.

Wednesday, November 30, 2011

പശുക്കള്‍ എങ്ങനെ ചിന്തിക്കുന്നു.


During thirty years of work on livestock handling and the design of restraining devices for animals, I have seen that many people try to restrain animals using force instead of behavioral principles.

Animals make us human
Temple Grandin & Catherine Jonson


പശുത്തൊഴുത്ത് എവിടെ പണിയണം. അത് ഏതു രീതിയിലായിരിക്കണം?അതിനടുത്ത് തന്നെ ഒരു വൈക്കോല്‍ തുറു വേണം. പശുക്കളെ വളര്‍ത്തുന്നത് വളരെ ഭാഗ്യവും, പശുക്കളെക്കുറിച്ച് പഠിക്കുന്നത് മഹാഭാഗ്യവുമല്ലേ. ഒരു ക്ഷീരകര്‍ഷകനായിരിക്കുക എന്നത് നല്ലതല്ലേ? ഇന്നത്തെക്കാലത്തും ചിലര്‍ ഇങ്ങനെയെല്ലാം ചിന്തിക്കുന്നു. ഭാരതീയ വാസ്തുശാസ്ത്രം വീടിനൊപ്പം തന്നെ വളരെ പ്രാധാന്യം തൊഴുത്തിനും കൊടുത്തിരുന്നു.  പശുവിന്റെ അകിടില്‍ സൂര്യപ്രകാശം കിട്ടുന്ന ഒരു സ്ഥലമായിരിക്കണം. വീട്ടില്‍ വിളക്ക് തെളിയിച്ചാല്‍ പശുക്കള്‍ക്ക് കാണത്തക്കമായിക്കണം, എന്നൊക്കെ പറയുന്നു. കാമധേനു എന്ന വിശുദ്ധ പശുവിന്റെ നാട്. പാലാഴിമഥനത്തില്‍ നിന്നും ലഭിച്ചതാണ് കാമധേനുവിനെ. ഇന്ന് ലോകത്ത് കാണുന്ന കന്നുകാലികളെല്ലാം കാമധേനുവില്‍ നിന്നാണ് ജനിച്ചതെന്നു പറയപ്പെടുന്നു. ചില നാളുകളില്‍ ജനിച്ച കുട്ടികളുടെ ശാപം തീര്‍ക്കുവാന്‍ പശുക്കളുടെ അടിയിലൂടെ കൊണ്ടു പോയി  ശാപവിമുക്തമാക്കണമെന്നു പറയുന്ന നാട്. ചാണക വെള്ളം കൊണ്ട് ശുദ്ധി വരുമെന്ന് വിശ്വസിക്കുന്ന നാട്. പണ്ട് സിമന്റൊന്നും ഇല്ലാതിരുന്ന സമയത്ത് തറ ചാണകം കൊണ്ട് മെഴുകി ഉപയോഗിച്ചിരുന്നു. പക്ഷെ നമ്മള്‍ക്ക് പശുക്കളെക്കുറിച്ച് എന്തറിയാം?. ഏത് ഗുരുവാണ് പശുക്കളെക്കുറിച്ചുള്ള അറിവ് പറഞ്ഞു തരുന്നത്?. കൊച്ചു കുട്ടികള്‍ക്കാണെങ്കില്‍ അമ്മ കഴിഞ്ഞാല്‍ പാലു തരുന്നത് പശുവാണ്.  ഗോജാതിയിലുള്ള ഈ പെണ്ണിനെ, പയ്യ്, പൈ എന്നും നമ്മള്‍ വിളിക്കുന്നു. പശുപതി ശിവനാണ്, ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്നും രക്ഷിക്കുന്നവന്‍. ഇതെല്ലാം പശുവിനോടു ബന്ധപ്പെട്ട് നമ്മള്‍ കേട്ടിട്ടുള്ള കാര്യങ്ങളാണ്. പശുപാലകന്‍ അല്ലെങ്കില്‍ ഇടയനും സംസാരബന്ധത്തില്‍പ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നു. ലോകവിഷയങ്ങളില്‍ ഭ്രമിച്ച് ജനനമരണങ്ങള്‍ക്കിടയില്‍പ്പെട്ട് ഉഴലുന്നവരെ മോചിപ്പിക്കുക എന്നാണോ?. പശുക്കളെക്കുറിച്ചുള്ള അറിയാവുന്ന വാചകങ്ങള്‍ കുറിച്ചിടുന്നു, വല്ലപ്പോഴും മടങ്ങി വരുമ്പോള്‍ ചില വാക്കുകളില്‍ നിന്നും പാരച്യൂട്ട് വഴി അര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍.  നമ്മള്‍ പശുക്കളെയും മറ്റു വളര്‍ത്തു മ്യഗങ്ങളെയും എത്രമാത്രം മനസിലാക്കിയിട്ടുണ്ട്, പഠിച്ചിട്ടുണ്ട്.

ഞാന്‍ നല്ല ഇടയന്‍ എന്ന് പറഞ്ഞത് ആരാണ്. കുറഞ്ഞ പക്ഷം, ഒരു ചെറിയ ഇടയനെങ്കിലും ആയിരിക്കുക നല്ലതല്ലേ. ഇവിടെ പശുവിനെ മേയ്ക്കുന്ന ഇടയന്‍ ആണ് വിഷയത്തില്‍. അല്ലെങ്കില്‍ ഒരു പശുവളര്‍ത്തല്‍ഫാമിന്റെ ഉടമസ്ഥനാകാം. പശുക്കളെക്കുറിച്ച് അറിയുവാന്‍, പഠിക്കുവാന്‍.


പശുത്തൊഴുത്ത് വീടിന്റെ മുമ്പില്‍ വശത്തായി പണിയുന്നത് അത്ര ശരിയാണോ?. എന്തുകൊണ്ട് കിഴക്കോട്ട് ദര്‍ശനമുള്ള വീടിന്റെ വലത്തു വശത്ത്, തെക്കെ വശത്ത് തൊഴുത്ത് വയ്ക്കണം? ആരെങ്കിലും പെട്ടെന്ന് വരുന്നത് അസഹ്യമായി അനുഭവിക്കുന്ന പശുവിന് പെട്ടെന്ന് വരുന്ന വാഹനങ്ങള്‍ ഭയം ഉളവാക്കുന്നു. പെട്ടെന്നുള്ള ചലനങ്ങള്‍ വെറുക്കുന്നു. നേരെ ആരെങ്കിലും ശകാരിക്കുന്നത്. പെട്ടെന്നുള്ള വലിയ വെളിച്ചം, അതു പോലെ കൂരാകൂരിരുട്ട് എന്നിവയെല്ലാം പശുക്കളില്‍ ഭയം നിറയ്ക്കുന്നു.
ഒരു വീടിന്റെ മുമ്പിലുള്ള തൊഴുത്താണെങ്കില്‍ ഇതില്‍ ചിലതെല്ലാം സംഭവിക്കുവാന്‍ സാധ്യതയുണ്ട്. അത് പശുക്കളില്‍ ഭയവും മറ്റു സമ്മര്‍ദ്ദവും നിറച്ച് രോഗമോ അല്ലെങ്കില്‍ മരണമോ സംഭവിക്കുവാന്‍ ഇടയാക്കുന്നു. നമ്മുടെ വീടുകളില്‍ പെട്ടെന്ന് ചത്തു പോയ പശുക്കളും, രോഗ ബാധിതമായ പശുക്കളും ഉണ്ടാകാന്‍ കാരണമിതൊക്കെയാണോ?


എന്തായാലും പശുവിന്റെ കൂടെ എത്ര വര്‍ഷം കഴിഞ്ഞാലും, പശുവളര്‍ത്തല്‍ഫാമിന്റെ ഉടമസ്ഥനായാലും വെറുമൊരു ഇടയനായാലും "പശുവിനെ പോലെ ചിന്തിക്കുന്നു" എന്ന് അവരിലാരെങ്കിലും പറയുമോ.


അങ്ങനെ ഒരു സ്ത്രീ പറഞ്ഞു. ഓറ്റിസം ഉള്ള ടെംപിള്‍ ഗ്രാന്‍ഡിന്‍(Temple Grandin). മ്യഗങ്ങളെ മനസ്സിലാക്കുവാന്‍ അസാധാരണ കഴിവുകളുള്ള, ലോകം അഗീകരിച്ച പ്രശസ്ത.

അവര്‍ പറയുന്നത് ജന്തുക്കള്‍ ചിന്തിക്കുന്നത് ഓറ്റിസം ബാധിച്ച മനുഷ്യരെ പോലെയാണെന്നാണ്. ജന്തുക്കള്‍ എന്ത് കാണുന്നുവെന്നും മനുഷ്യര്‍ എന്തു കാണുന്നില്ലാ എന്നും അവര്‍ക്കറിയാം. ഓറ്റിസം ബാധിച്ചവര്‍ സാധാരണ മനുഷ്യരെക്കാള്‍ കൂടുതലായി ചില ചിന്താരീതികളില്‍ ജന്തുക്കളോടാണ് അടുപ്പം. പശുക്കള്‍ വിശദാംശത്തോടുക്കൂടി കാണുന്നു, ആ വിശദാംശത്തോട് അതു പ്രതികരിക്കുന്നു. വളരെ നല്ല വ്യത്തിയുള്ള ഒരു സ്ഥലത്തുകൂടി നടന്നു പോകുന്ന പശു അവിടെ ഒരു ഇലയോ, കുപ്പിയോ മറ്റോ കണ്ടാല്‍ അവിടെ നില്‍ക്കും. അതിന് കാരണം നമ്മള്‍ ഒരു പക്ഷെ ശ്രദ്ധിക്കാതെ പോകുന്ന വളരെ ചെറിയ കാര്യങ്ങള്‍ പോലും പശു ശ്രദ്ധിക്കുന്നതു കൊണ്ടാണ്.

കാണുന്നത് ചിത്രങ്ങളായി മനസ്സില്‍ കിടക്കുകയും അങ്ങനെയുള്ള ചിത്രങ്ങളിലൂടെ ചിന്തിക്കയും (Thinking in pictures) ആണ് ടെംപിള്‍ ഗ്രാന്‍ഡിന്റെ രീതി. പശുക്കളും അങ്ങനെ തന്നെയാവും ചിന്തിക്കുക.
ഓറ്റിസം തലച്ചോറിന്റെ നെറ്റ് വര്‍ക്കിനെ വേറേ ഏതൊക്കെയോ രീതിയില്‍ ആക്കി തീര്‍ക്കുന്നു. ഓറ്റിസം ഉള്ള ഒരു കുട്ടി അസ്വസ്ഥനാകുന്നത് ക്ലസ്സില്‍ ഫാന്‍ ഇടുമ്പോഴാണ്. കാരണം പേപ്പറുകള്‍ അനങ്ങുന്നു. പേപ്പറുകള്‍ അനങ്ങാതെ ഇരിക്കുന്ന, വളരെ പരിപൂര്‍ണ്ണത നിറഞ്ഞതാണ് അവന്റെ ലോകം. എന്തായിരിക്കും അവന്റെ കണ്ണുകളിലൂടെ അവന്‍ മനസ്സിലാക്കുന്നത്. ഒരു കുട്ടിക്ക് അവന്റെ കാലിലെ സോക്സ് ഒട്ടും തന്നെ താഴേക്ക് പോകുവാന്‍ പാടില്ല. അത് അവനില്‍ അസ്വസ്തത ഉണ്ടാക്കുന്നു. ചില ഓറ്റിസ്റ്റിക് സാവെയ്ന്റുകള്‍ പീയാനോ ഇഷ്ടപ്പെടുന്നു. കാരണം ലോകത്തിലെ ശബ്ദങ്ങളെ അത് വളരെ ക്യത്യമായി 88 കീകളില്‍ വളരെ ക്യത്യമായി അടുക്കി വെച്ചിരിക്കുന്നതു കൊണ്ടാകാം. പൂര്‍ണത ഇല്ലാതെ ചിതറിക്കിടക്കുന്ന ശബ്ദങ്ങളെ പരിപൂര്‍ണ്ണതയില്‍ ഒരുക്കി വെക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടാവും. വളരെ വളരെ ക്യത്യതയാണ് ചിലരുടെ പ്രത്യേകത. Hyper-systemizing ഓറ്റിസം ബാധിച്ചവരുടെ പ്രത്യേകതയാണ്. അതു പോലെ തന്നെ excellent attention to detail- ഉം. High-functioning ഓറ്റിസം ഉള്ളവരിലാണ് ഇങ്ങനെയുള്ള പ്രത്യേകതകള്‍ കാണുന്നത്.

ചിലര്‍ക്ക് കഴുകന്‍ കണ്ണു കൊണ്ട് കാണുവാന്‍ സാധിക്കുന്നു. അവരുടെ മനസ്സില്‍ അവര്‍ കാണുന്നത് ഒപ്പിയെടുക്കുമായിരിക്കും എല്ലാ വിശദാംശങ്ങളുമായി, എല്ലാ ചെറിയ കാര്യങ്ങള്‍ വരെ വളരെ ക്യത്യമായി. "ജോണ്‍ എബ്രഹാമും എ. അയ്യപ്പനും നഗരത്തിലുണ്ട്. ആരും ഏതു സമയത്തും ഇങ്ങോട്ടു കയറി വരാം." (ചുള്ളിക്കാടിന്റെ ചിദംബര സ്മരണയില്‍ നിന്ന്) ഏതോ പ്രതീകങ്ങളെന്ന പോലെ, നിറങ്ങള്‍ നിറഞ്ഞ കാറ്റ് പോലെ, വാവല്‍ ചിറക് വിടര്‍ത്തുന്നതു പോലെ ഓറ്റിസം ഉള്ളവര്‍ പ്രത്യക്ഷപ്പെടുകയില്ലായിരിക്കും. ദിവസവും ഒരേ വഴിയില്‍ നടക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരേ സമയത്ത്  കാര്യങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. ഒരേ കാര്യങ്ങള്‍ തന്നെ എപ്പോഴും ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.

ഇന്ന് നമ്മളില്‍ പലരും പ്രക്യതിയില്‍ നിന്ന് അകന്ന് ഓഫീസിന്റെ ഉള്ളിലും, കംപ്യൂട്ടറിന്റെ മുമ്പിലും ടെലിവിഷന്റെ മുമ്പിലും ജീവിതം കഴിക്കുന്നു. മനുഷ്യന്റെ ബുദ്ധിയുടെ ഏതോ ഭാഗത്ത് ജന്തുക്കളുടെ കാഴ്ചകളും, സ്വഭാവങ്ങളും മനസ്സിലാക്കുവാന്‍ തക്ക പ്രാപ്തി കിടക്കുന്നു. അത് ഓറ്റിസ്സം ബാധിച്ച ചിലര്‍ക്ക് പെട്ടെന്ന് പ്രാപ്യമാകുന്നു. അതല്ലെ ടെംപിള്‍ ഗ്രാന്‍ഡിന്റെ ജീവിതത്തില്‍ നിന്നും മനസ്സിലാക്കേണ്ടിയത്.

വളരെ നൂറ്റാണ്ടുകള്‍ ഈ രീതിയില്‍ കഴിഞ്ഞു പോകുമ്പോള്‍ മനുഷ്യരുടെ ബുദ്ധിയുടെ ഏതെല്ലാം ഭാഗങ്ങള്‍ അപ്രാപ്യമാക തക്ക രീതിയില്‍ അടയപ്പെടാം?. അവിടെയും ടെംപിള്‍ ഗ്രാന്‍ഡിനെ പോലെ ആരെങ്കിലും ഉണ്ടാകുമായിരിക്കും മനസ്സിലാക്കി തരുവാന്‍.

തിരികെ വരാം വല്ലപ്പോഴുമെങ്കിലും പ്രക്യതിയിലേക്ക്, ജന്തു(Animal) നിരീക്ഷണത്തിലേക്ക്, അങ്ങനെ പശുക്കളെയും മറ്റും എങ്ങനെ നല്ലവണ്ണം വളര്‍ത്താമെന്നും അവയോട് എങ്ങനെ ഔചിത്യപൂര്‍വ്വം പെരുമാറാമെന്നും പഠിക്കാം അങ്ങനെയെങ്കിലും നമ്മുക്ക് നല്ല മനുഷ്യരാകാം.





മ്യഗസ്നേഹികള്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ഒരു പുസ്തകമാണ് ടെംപിള്‍ ഗ്രാന്‍ഡിനും കാതറിന്‍ ജോണ്‍സണും കൂടിയെഴുതിയ Animals make us human എന്ന പുസ്തകം

ടെംപിള്‍ ഗ്രാന്‍ഡിന്റെ  വളരെ പ്രശ്തമായ മറ്റു ക്യതികളാണ്.


Animals in Translation : Using the Mysteries of Autism to Decode Animal Behavior (with Catherine Johnson) - ഉം

Thinking in pictures : and Other Reports from My Life with Autism - എന്നുള്ള പുസ്തകവും



Monday, October 31, 2011

സുകേഷ് കുട്ടന്റെ സംഗീതവും ചില ചിന്തകളും


Hardy abhorred politics, considered applied mathematics repellent, and saw pure mathematics as an esthetic pursuit best practiced for its own sake, like poetry or music.

A beautiful mind
Sylvia Nasar

Paul Erdos മുകളില്‍ പറഞ്ഞ G. H. Hardy യോടു ചോദിച്ചു ഗണിതശാസ്ത്രത്തിന് താങ്കളുടെ സംഭാവന എന്തായിരുന്നുവെന്ന്, അതിന് ഹാര്‍ഡി മറുപടി പറഞ്ഞത് രാമനുജനെ കണ്ടെത്തിയത് എന്നായിരുന്നു. അതെ ശ്രീനിവാസ രാമാനുജന്‍ തന്നെ. ഇങ്ങനെ ഹാര്‍ഡിയും, രാമാനുജനും, ജോണ്‍ നാഷും മറ്റും വീണ്ടും ചിന്തയില്‍ വന്നു കൊണ്ടിരിന്നപ്പോഴാണ് ഒരു സ്നേഹിതന്‍ വിളിച്ചത്. സുകേഷ് കുട്ടന്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ 6-ല്‍ പാടിയ "നീയൊരു പുഴയായി" എന്ന പാട്ട് കേള്‍ക്കുവാന്‍, യൂ റ്റ്യുബില്‍ ഉണ്ടെന്നും അത് കാണണമെന്നും. എന്തൊക്കെയോ ഓര്‍മ്മകളിലേക്ക് ആ ശബ്ദം നയിച്ചു, അറിയപ്പെടാതെ അബോധതലത്തില്‍ കിടന്ന എന്തിനെയോ തട്ടിയുണര്‍ത്തിയതായി തോന്നി.

സംഗീതം അത് ആദ്യമായി കേട്ട സമയത്തുള്ള മാനസികാവസ്ഥയിലേക്ക്, ചില ഓര്‍മ്മകളിലേക്ക് എന്നെ നയിക്കുവാറുണ്ട്. ആദ്യമായി കേള്‍ക്കുന്ന സംഗീതമാണെങ്കില്‍ പോലും ചിലപ്പോള്‍ അറിയാതെ കിടക്കുന്ന ഏതോ ചിന്തകളെ നനച്ച് ഉണര്‍ത്താറുണ്ട്. "നീയൊരു പുഴയായി" എന്ന ഗാനത്തിന്റെ ആലാപനം കെ. ജെ. യേശുദാസ് എന്ന് തെറ്റിയെഴുതിയാണ് ഏഷ്യാനെറ്റില്‍ കാണിച്ചതെങ്കിലും, വലിയ തെറ്റൊന്നും കാണിക്കാതെ, ദൈവം വരദാനമായി കൊടുത്ത നല്ല ശബ്ദത്തില്‍ സുകേഷ് ആ പാട്ട് പാടി. ജയചന്ദ്രന്‍ പാടിയ ആ ഗാനത്തിന് അതോടു കൂടി വീണ്ടും ഒരു ഉണര്‍വ് കിട്ടുകയായിരുന്നു. "നീയൊരു പുഴയായി" എന്ന ഗാനം തിളക്കം എന്ന ജയരാജിന്റെ സിനിമായിലുള്ളതാണ്.

നല്ല ഗാനങ്ങളുമായി മികച്ച പ്രകടനം കാണിക്കുവാന്‍ സുകേഷ് വീണ്ടും, വീണ്ടും വരുമെന്ന് പ്രതീക്ഷിക്കാം. ഓസ്റ്റിക് സാവെയ്ന്റിന്റെ(Savant)കൂട്ടത്തിലേക്ക് സുകേഷിന്റെ പേരും കടന്നു വരുന്നുണ്ടോ?.

Music is hidden exercise in arithmetic, of a mind unconscious of dealing with numbers എന്ന് Leibniz അല്ലേ പറഞ്ഞിരിക്കുന്നത്. നമ്മള്‍ സാധാരണ കേള്‍ക്കുന്ന സംഗീതം, വീണ്ടും കുറച്ചു കൂടി ആഴത്തിലേക്ക്, രാഗത്തിന്റെയും, താളത്തിന്റെയും തലത്തിലേക്ക് പോകുകയും, അവിടെ നിന്ന് അതിന്റെയെല്ലാം കണക്കുകള്‍ മാത്രം നിലനില്‍ക്കുന്ന തലത്തിലേക്ക്. അതിന്റെ മാത്രാനീയമത്തിന്റെ കണക്കിലുള്ള സൂക്ഷമതയിലേക്ക് ചില പ്രത്യേക വ്യക്തികളുടെ മനസ്സുകള്‍ പോകുന്നു. ആന്ദോളനത്തിന്റെ (Vibration) സമയക്രമം, അല്ലെങ്കില്‍ ക്യത്യമായുള്ള രാഗത്തിന്റെ കണക്കുമായി ഒത്തുചേര്‍ന്നിരിക്കുന്ന ശബ്ദത്തിന്റെയും നിശബ്ദതയുടെയും ഏറ്റവും സൂക്ഷമതയാര്‍ന്ന ക്യത്യത അറിയാവുന്ന ഒരാള്‍ അവന്‍ കണക്കില്‍ അസാധാരണമാം വിധം മികച്ചവനാണെങ്കില്‍, സംഗീതം എങ്ങനെയായിരിക്കും മനസ്സിലാക്കി എടുക്കുന്നത്.

1988 - ല്‍ ഇറങ്ങിയ റെയിന്‍ മാന്‍ എന്ന സിനിമയില്‍ ഓറ്റിസം ബാധിച്ച റെയ്മണ്ട് എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഡസ്റ്റിന്‍ ഹോഫ്മാന് മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. കണക്കില്‍ ഏറ്റവും മികച്ച കഴിവുള്ളവനായ റെയ്മണ്ട്. ഈ കഥാപാത്രത്തിന്റെ നിര്‍മ്മിതിയ്ക്ക് കാരണമായ Kim Peek - ന് 12000 പുസ്തകങ്ങളുടെ ഉള്ളടക്കം ഓര്‍മ്മയുണ്ടായിരുന്നുവത്രേ. ഇദ്ദേഹത്തിന് ഓറ്റിസമല്ലായിരുന്നു FG syndrome എന്ന അവസ്ഥയായിരുന്നു. കിം പീയാനോ വായിക്കുവാന്‍ പഠിച്ചപ്പോള്‍ അദ്ദേഹത്തിന് ദശകങ്ങള്‍ക്ക് മുമ്പ് കേട്ട പാട്ടുകള്‍ ഓര്‍മ്മ വരുമായിരുന്നു. കേള്‍ക്കുന്ന പാട്ടും കേട്ടിട്ടുള്ള മറ്റു പാട്ടുകളുമായി താരതമ്യം ചെയ്യുമായിരുന്നു. ഒരുപക്ഷെ, ഇങ്ങനെയുള്ളവര്‍ ഈ കണക്കുകളുടെ ലോകത്തില്‍ മാത്രം നിന്നു കൊണ്ട് നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കാത്ത രീതിയില്‍ സംഗീതത്തെ കാണുന്നുണ്ടോ?. കണക്കും അതിന്റെ കൂടെ സംഗീതവും മാത്രമുള്ള ഒരു ലോകം. ഗണിതശാസ്ത്രത്തിലേ മഹാപ്രതിഭകള്‍ക്ക് സംഗീതം എങ്ങനെയായിരുന്നു. കണക്കിന്റെ ലോകത്തെ സന്യാസി എന്ന് വിശേഷിക്കപ്പെട്ട പോള്‍ എര്‍ദോഷ് (Paul Erdos) സംഗീതത്തെക്കുറിച്ച് ശബ്ദമെന്ന് (Noise) മാത്രമാണ് പറഞ്ഞിരിക്കുന്നത്. അറിയാവുന്ന ഗണിതശാസ്ത്രഞ്ജമാരുടെ വീടുകളില്‍ ചെന്ന് വാതിലില്‍ മുട്ടുകയും തുറക്കുമ്പോള്‍ "My brain is open" എന്ന് പറഞ്ഞ് അവരുടെ അതിഥിയായി കുറച്ചു കാലം കഴിഞ്ഞതിനു ശേഷം അവിടെ നിന്നും അടുത്ത സ്നേഹിതന്റെ വീട്ടിലേക്ക് പോകും, അങ്ങനെയുള്ള യാത്രകള്‍ നടത്തി മാത്രം ജീവിതം കഴിച്ച ലോക പ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍, അദ്ദേഹത്തിന് സംഗീതം വെറും ശബ്ദമായിരുന്നുവെങ്കില്‍ ഗ്രിഗറി പേര്‍ഇല്‍മന്‍ ഒരു നല്ല വയലിനിസ്റ്റും കൂടിയാണ്. ഗണിതശാസ്ത്രലോകത്തെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Fields medal നിരാകരിച്ച, മറ്റു ചില പ്രശസ്ത സമ്മാനങ്ങളും നിരാകരിച്ച ഗ്രിഗറി പേര്‍ഇല്‍മാന്‍ (Grigori Perelman), പണത്തിലോ പ്രശസ്തിയിലോ എനിക്കൊട്ടും തല്പര്യമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഏറ്റവും മികച്ചവര്‍ അവര്‍ക്കിഷ്ടപ്പെട്ട ജോലിയിലൂടെ തന്നെ അവര്‍ക്ക് വേണ്ടുന്ന ആനന്ദം കണ്ടെത്തുന്നുണ്ട്. ചില വലിയ ഗണിതശാസ്ത്രജ്ഞന്മാര്‍ക്ക് സംഗീതം ഇഷ്ടമായിരുന്നുവെങ്കില്‍ ചിലര്‍ക്ക് അത്ര ഇഷ്ടമല്ലായിരുന്നു.

റെയിന്‍ മാന്‍ എന്ന സിനിമയില്‍ റെയ്മണ്ട് എന്ന ഓറ്റിസം ബാധിച്ച കഥാപാത്രത്തെ അദ്ദേഹത്തിന്റെ സഹോദരന്‍ ലാസ് വേഗസിലെ പ്രശസ്തമായ ചൂതാട്ടകേന്ദ്രങ്ങളില്‍ കൊണ്ട് പോകുകയും ധാരാളം പണം സമ്പാദിക്കയും ചെയ്യുമ്പോഴും റെയ്മണ്ടിന് ഇതിലെന്നും വലിയ താത്പര്യമില്ലായിരുന്നു.

കണക്കും സംഗീതവും തമ്മില്‍ എന്താണ് ബന്ധം?, സംഗീതസിദ്ധാന്തവാദി ഒരു പക്ഷെ ഗണിതശാസ്ത്രത്തെ സംഗീതം മനസ്സിലാക്കുവാന്‍ ഉപയോഗിക്കുമായിരിക്കും, ഒരു പക്ഷെ ശബ്ദശാസ്ത്രത്തിനായിരിക്കാം (acoustics) കണക്കിന്റെ കൂടുതല്‍ ഉപയോഗം വേണ്ടി വരുന്നത്.

എന്തായാലും, സ്നേഹിത നന്ദി, സുകേഷിന്റെ പാട്ടു കേള്‍ക്കുവാന്‍ വിളിച്ച് പറഞ്ഞതിന്, നന്ദി ഏഷ്യാനെറ്റ് സുകേഷിനെ തിരഞ്ഞെടുത്തതിന്, പരിചയപ്പെടുത്തിയതിന്.

സുകേഷിന്റെ പാട്ടുകള്‍ കേള്‍ക്കുവാനും സൗന്ദര്യബോധം നിറഞ്ഞ ഒരു പിന്തുടരല്‍ നമ്മുക്ക് നടത്താം.

Tuesday, September 6, 2011

കവിയൂര്‍ തൃക്കക്കുടി ഗുഹാക്ഷേത്രം.


Mythical stories are, or seem, arbitrary, meaningless, absurd, yet nevertheless they seem to reappear all over the world.

Myth and Meaning
Claude Levi Strauss

ഐതിഹ്യം


പഞ്ചപാണ്ഡവന്‍മാര്‍ ഭൂതത്താന്‍മാരുടെ സഹായത്തോടെയാണ് ഒരു രാത്രി കൊണ്ട് തീര്‍ക്കാമെന്ന രീതിയില്‍ കവിയൂര്‍ തൃക്കക്കുടി  ഗുഹാ ക്ഷേത്രത്തിന്റെ പണി തുടങ്ങിയത്. തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ സംരക്ഷകനായ ഹനുമാന്‍ സ്വാമിക്ക് അടുത്ത് തന്നെ വേറൊരു ക്ഷേത്രം വരുന്നത് ഇഷ്ടപ്പെടാതെ കോഴിയുടെ രൂപം പൂണ്ട് രാവിലെ ആകുന്നതിന് ഒരു യാമം മുമ്പ് കൂവുകയും രാവിലെയായി എന്ന് വിചാരിച്ച് ഭൂതത്താന്മാര്‍ പണി നിര്‍ത്തുകയും ചെയ്തു എന്ന് ഐതീഹ്യം.

ഐതിഹ്യം പഠിപ്പിക്കുന്നത്?


ഒരു കാര്യവും ശരിയായി പൂര്‍ത്തികരിക്കാത്ത ജോലിക്കാരുള്ളവരുടെ നാടാണ് കേരളം എന്നാണോ ഐതിഹ്യത്തിന്റെ വശത്തു നിന്നും ചിന്തിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്?. കേരളത്തിനു പുറത്തു പോയാല്‍ എല്ലാം ശരിയായി ചെയ്യുന്ന ജോലിക്കാരുടെ നാടാണിതെന്നും നമ്മുക്കറിയാം.

കവിയൂരില്‍ എത്തിചേരുവാന്‍


തിരുവല്ലായില്‍ നിന്നും കൂടി വന്നാല്‍ ആറോ ഏഴോ കിലോമീറ്റര്‍ ദൂരമേയുള്ളു തൃക്കക്കുടിപ്പാറ വരെയുള്ള ദൂരം. തിരുവല്ലായില്‍ നിന്നും തോട്ടബ്ഭാഗത്തു വഴി വരുകയാണെങ്കില്‍, ഞാലിക്കണ്ടം വഴി കമ്മാളത്തകിടി വഴി താഴേക്ക് ചെല്ലുമ്പോള്‍ ഇടത്തു ഭാഗത്തായിട്ടാണ് ത്യക്കക്കുടിപ്പാറ  സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍ വലിയ ബുദ്ധിമുട്ടില്ലാതെ കയറണമെങ്കില്‍ കണിയാംപാറ കവലയില്‍ നിന്നും മുണ്ടിയപ്പള്ളി റോഡു വഴി പോകുമ്പോള്‍ ആദ്യത്തെ വലത്തു വശത്തുള്ള റോഡ് വഴി പോകണം. കൈപ്പളിലെ വീടു കഴിഞ്ഞ് മാവേലിലെ വീടിനു തൊടു മുമ്പുള്ള വലത്തു വശത്തേക്കുള്ള റോഡ്. മൂന്ന് ഏക്കര്‍ 91സെന്റ് വരുന്ന വലിയ പാറകള്‍ നിറഞ്ഞ സ്ഥലം. പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിത സ്‌മാരകം.

കവിയൂരിന് അടുത്തുള്ള നാടുകളിലെ ഐതിഹ്യങ്ങള്‍.


ഐതിഹ്യങ്ങളുടെ നടുവില്‍ ഒരു വലിയ ഐതിഹ്യവുമായി കവിയൂ‍രിലെ ത്യക്കക്കുടി ഗുഹാക്ഷേത്രം തല ഉയര്‍ത്തി നില്‍ക്കുന്നു. പാണ്ഡവന്‍മാരുടെ വനവാസകാലത്ത് അവര്‍ നട്ട അ‍ഞ്ച് ഇലവുമരങ്ങള്‍ കാരണം കവിയൂരില്‍ നിന്നും അടുത്ത പഞ്ചായത്തിലുള്ള സ്ഥലത്തിന് അഞ്ചിലവ് എന്ന പേരു കിട്ടി. അപ്പോള്‍ ആ നാട്ടുകാരും പാണ്ഡവന്‍മാര്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇപ്പോള്‍ ആ സ്ഥലം അറിയപ്പെടുന്നത് പുതുശേരി എന്നാണ്. അല്ലെങ്കില്‍ ഇവിടെ അടുത്തുള്ള "ഉമിക്കുന്ന് മല" ഈ പേരില്‍ അറിയപ്പെടുന്നത് എന്തുകൊണ്ടാണ്?. പാഞ്ജാലി നെല്ലു കുത്തിയതിനു ശേഷം ഉമി കൂട്ടിയിട്ടിട്ടല്ലേ ആ മലയുണ്ടായത്. അവിടുത്തെ മണ്ണ് ഉമി പോലെയിരിക്കുന്നതും അതു കൊണ്ടല്ലേ. തിരുവല്ല അമ്പലത്തിന്റെ വലിയ മതില്‍ ആരാണ് പണിതത്? അതും ഭൂതത്താന്മാരാണ് എന്നാണല്ലോ പറച്ചില്‍.

ഭൂതത്താന്‍മാര്‍ ഒറ്റ രാത്രികൊണ്ട് പണി തീര്‍ത്ത മറ്റുള്ള ഐതിഹ്യങ്ങള്‍.


ഭൂതത്താൻ കെട്ടിന്റെ ഐതിഹ്യവും ഇത് തന്നെയാണ്. രാത്രി പണിയും കോഴി കൂവലുമൊക്കെ അതേപോലെ തന്നെ.( പ്രശസ്ത ബ്ലോഗര്‍ നിരക്ഷരൻ കഴിഞ്ഞ പോസ്റ്റിന് കമന്റ് ആയി എഴുതി അറിയിച്ചത്). തിരുനാഥപുരം ക്ഷേത്രവും ഭൂതത്തന്മാര്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. വേറെ കേരളത്തില്‍ ഇനിയും ഇതു പോലെയുള്ള ഐതിഹ്യങ്ങള്‍ ധാരാളം  കാണുമായിരിക്കാം ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും അത്തരം അറിവുകളുണ്ടെങ്കില്‍ എഴുതമല്ലോ.

ബഹിര്‍മുഖം


തൃക്കക്കുടി പാറയുടേ ബഹിര്‍മുഖമാണ് പാറപുറം. ആ പാറ തന്നെ പുറത്തേക്ക് നോക്കി കാണുന്ന സ്ഥലം. പല വഴികളും, ദേശങ്ങളും, നിറഞ്ഞ മനോഹര കാഴ്ചകള്‍.
ഭീമന്റെ കാല്‍പ്പാട്  ത്യക്കക്കുടി പാറപുറത്തുണ്ട് എന്ന് കേട്ട് ആവേശം കാണിച്ച് പോകുന്ന കുട്ടികള്‍ ആദ്യം അതു കാണുവാന്‍ പാറ പുറത്ത് കയറും. നിറപ്പാതിരയ്ക്കു ത്യക്കക്കുടി പാറയുടെ മുകളില്‍ കിടന്ന് നക്ഷത്രങ്ങളെ കാണാമല്ലേ എന്ന് ചിന്തിക്കും. ത്രിക്കക്കുടിയിലെ പ്രഭാതം ഈ പാറ മുകളിലിരുന്ന് കാണുവാന്‍ എന്തു രസമായിരിക്കും. പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, നടോടിപ്പാട്ടുകള്‍ എല്ലാം നിറഞ്ഞ് നില്‍ക്കുന്ന, ഐതിഹ്യങ്ങളുടെ നടുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ആ പാറയുടെ തണുപ്പ്, ചൂട്, നെഞ്ചിടിപ്പ് കേള്‍ക്കുവാന്‍ ചിലരെങ്കിലും ആഗ്രഹിക്കാതിരിക്കില്ല. ധ്യാനനിരതനായി ആ മലയുടെ മുകളില്‍ തനിയെ ഇരിക്കുവാന്‍ സാധിക്കുമോ? ആരൊക്കെയോ ഏതൊക്കെയോ സമയത്ത് പാറമേല്‍ കൊത്തിയെടുത്തപ്പോള്‍ അവര്‍ ഏതു ഭാഷയാണ് സംസാരിച്ചിട്ടുണ്ടാവുക. ഇപ്പോഴും ആ പാറമേല്‍ കൊത്തുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ?. അതല്ല രാത്രിയില്‍ തനിയെ പാറമേല്‍ ഇരിക്കുമ്പോള്‍, ഭൂതത്താന്മാര്‍ പഴയ സ്ഥലം സന്ദര്‍ശിക്കുകയാണെങ്കില്‍ പാറമേല്‍ ഇരിക്കുന്ന ഒരാളുടെ ഹ്യദയമിടിപ്പ് അവ കേള്‍ക്കുന്നുണ്ടാകുമോ?. ലോകവും അവിടെ ഇരിക്കുന്നവരും ഒന്നായി തീരുന്ന അനുഭവം. ഏകം, അതാണ് അറിയേണ്ടത്.

അന്തര്‍മുഖം


ത്യക്കക്കുടി പാറയുടേ അന്തര്‍മുഖമാണ് പലതരം പ്രതിമകള്‍ ഒറ്റ പാറയില്‍ കൊത്തിയെടുത്ത ഗുഹാക്ഷേത്രം, ഓരോ പ്രാവശ്യം ചെല്ലുമ്പോഴും വിവിധ രീതിയില്‍ അതിന്റെ ഭാവം പ്രത്യക്ഷപ്പെടുന്നതായി തോന്നും. ആ പാറ തന്നെ ഉള്ളിലേക്ക്  നോക്കുന്ന സ്ഥലം, ആരോടും പറയാതെ ആ പാറയുടെ ആത്മാവില്‍ എന്തൊക്കെയോ സംഗ്രഹിച്ചിരിക്കുന്നു. അന്ന് ഇത് നിര്‍മ്മിച്ചിരുന്നവര്‍ സംസാരിച്ച ഭാഷ അവിടെ ഇപ്പോഴും നില നില്ക്കുന്നുണ്ടാകുമോ?. ഇപ്പോള്‍ ആ ഗ്രാമത്തില്‍ താമസ്സിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ഭാഷയാണോ?. രണ്ടു പാറയിലും തട്ടി അത് പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നുണ്ടാകാം.

ഗുഹാക്ഷേത്രം കാണുവാന്‍ പടികള്‍ കയറി വരുമ്പോള്‍ നേരെ കാണുന്നയിടത്ത് തന്നെ ഒരു ചാരു മരം നില്‍പ്പുണ്ട്. അതു കേള്‍ക്കുന്ന ചാരു മരം അറിയാത്തവര്‍ ഒരു ഇലയിലും തൊടുകയില്ല. തൊടരുത് ചൊറിയും എന്ന് കേട്ടതു കൊണ്ട് ആ മരത്തിന്റെ ഇലയെ തൊട്ടില്ല. അങ്ങനെയൊരു പുകള്‍പെറ്റ ഈ ചാര് മരം അവിടെ നില്‍പ്പുണ്ട്. അസുര ശക്തികളെ ആകര്‍ഷിക്കുന്ന ചാര് മരം ആരാണ് അവിടെ നട്ടത്. വീടിനോട് ചേര്‍ന്ന് ഈ മരം നില്‍ക്കരുതെന്ന് പഴമക്കാര്‍ പറയുന്നു. അടുത്ത് വെള്ളം കെട്ടി കിടക്കുന്ന ഒരു കുളം. കാമധേനു ഈ പരിസരത്ത് മേയുന്നുണ്ടോ. അപ്സരസ്സുകള്‍ അവിടെയെവിടെയെങ്കിലും ന്യത്തം വെയ്ക്കുന്നുട്ണാകുമോ?
തൃക്കക്കുടി പാറയുടെ ഒരു ഭാഗം തുറന്നെടുത്ത് പ്രാചിനതയുടെ പരിപാവന സ്ഥലമാക്കി തീര്‍ത്തത് പഞ്ചപാണ്ഡവന്‍മാര്‍ ഭൂതത്താന്‍മാരുടെ സഹായത്തോടെയാണെങ്കിലും, പണി തീര്‍ത്തിട്ടില്ല എന്നാണ് കവിയൂരുകാര്‍ കരുതുന്നത്. പറഞ്ഞു വരികയാണെങ്കില്‍ പണി തീര്‍ക്കാത്തവരില്‍ ഡാവിഞ്ജിയും, മൈക്കലാന്‍ജലോയും വരെയുണ്ട്.  മോണോലിസാ ശരിയായി പൂര്‍ത്തീകരിച്ച് കൊടുക്കുവാന്‍ സാധിക്കാതെ, അത് അവസാനം ഡാവിഞ്ജി ഫ്രാന്‍സിലേക്ക് കൊണ്ടു പോകുകയായിരുന്നു, ഒരു ജോലിയും ശരിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന് ദുഖിച്ച ഡാവിഞ്ജി ഇങ്ങനെയായിരുന്നെങ്കില്‍ മഹത്തായ ജന്മ പ്രതിഭയുടെ നിറവില്‍ ജീവിതം മുഴുവന്‍ ക്ലേശിച്ച, ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച എഴുത്തുകാരില്‍ പ്രധാനിയായ ഡോസ്റ്റോയേവ്സ്കി പറഞ്ഞതെന്താണ് " ഒരു ക്യതി  വേണ്ടത്ര ശ്രദ്ധിച്ചെഴുതാന്‍ അല്ലലില്ലാത്ത ഒരു രണ്ടു കൊല്ലവും, അതു മിനുക്കി പൂര്‍ണ്ണതവരുത്താന്‍ ഏതാനും മാസങ്ങളും ലഭിക്കുകയാണെങ്കില്‍ ഇന്നും ഒരു ശതാബ്ദത്തിനുശേഷവും ആളുകള്‍ക്കു സംസാരവിഷയമാകാവുന്ന ഒരു വിശിഷ്ടക്യതി എനിക്കെഴുതാന്‍ കഴിയും". എഴുത്തില്‍ ശ്രദ്ധചെലുത്തുവാന്‍ സമയവും സാഹചര്യവും വേണം. കവിയൂരിലെ ഗുഹാക്ഷേത്രത്തിന്റെ പണി ഒരു രാത്രി പോലും എടുക്കാതെയാണ് തീര്‍ക്കുവാന്‍ ശ്രമിച്ചത്. അതെ ഇന്ന് കേരളം മുഴുവനും അസാമാന്യ പ്രതിഭകളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഐതിഹ്യത്തിന്റെ വശത്തു നിന്നും ചിന്തിക്കുമ്പോള്‍ ഇങ്ങനെയും തെളിഞ്ഞു വരുമോ?

ഗുഹാക്ഷേത്രത്തിന്റെ ഉള്ളിലേക്ക് നോക്കിയാല്‍ കാണാവുന്നത്.

ഏറ്റവും ഉള്ളിലായി ശിവലിംഗ പ്രതിഷ്ഠ.
മുനിയുടെ പ്രതിമ
ഒന്നാമത്തെ ദ്വാരപാലകന്റെ പ്രതിമ
രണ്ടാമത്തെ ദ്വാരപാലകന്റെ പ്രതിമ
ഗണപതിയുടെ പ്രതിമ.
പല്ലവ ശില്പകലയുടെ രീതിയില്‍ ഇവിടെ ഈ കൊത്തു പണികള്‍ ചെയ്തത് ആരാണ്? മുന്നില്‍ നിന്ന് നോക്കിയാല്‍ രണ്ടു തൂണുകളും മൂന്ന് വാതിലുകളും കാണുന്നു.

ശില്പങ്ങള്‍


ഒരു ദ്വാരപാലകന്‍, ഒരു കാല്‍ നിലത്ത് ഊന്നി, മറ്റേ കാലിന്റെ മുട്ട് ചെറുതായി മടക്കിയുമാണ് നില്‍ക്കുന്നത്. ( ഭാരതീയ രീതി പ്രകാരം ഏകദേശം ഒരു Tribhanga posture, ആഗംലേയ രീതിയില്‍ ഒരു പക്ഷെ ഒരു Contrapposto രീതി എന്നും പറയാം)  ഗദ പോലുള്ള ഉപകരണത്തിന്റെ പിടിയുടെ മുകളില്‍ ഒരു കൈയുടെ കൈപ്പത്തിയുറപ്പിച്ച് ആ ഭാഗം മറുകൈയുടേ കക്ഷത്തിലാക്കി മറു കൈ ഗദയുടെ മുകളിലൂടെ വശത്തേക്കുമാക്കിയാണ് നില്‍ക്കുന്നത്. ഒരു പാമ്പ് ഗദയിലൂടെ ചുറ്റി കിടക്കുന്നു. എന്നാല്‍ അടുത്ത ദ്വരപാലകന്‍ കൈ കെട്ടി നില്‍ക്കുന്ന രീതിയിലാണ്. മുനി ഒരു കൈ അരയില്‍ ഊന്നി, മറുകൈയില്‍ എന്തോ എടുത്തെന്ന് തോന്നിക്കുന്ന വിധം അരയുടെ ഭാഗത്ത് പിടിച്ചും നില്‍ക്കുന്നു. പിന്നിടുള്ളത്  ഗണപതിയുടെ പ്രതിമയും, ഏറ്റവും ഉള്ളിലായി ശരിയായി ഉറപ്പിച്ചിട്ടില്ല എന്ന് പറയപ്പെടുന്ന ശിവലിംഗ പ്രതിഷ്ഠയും.

കേരളത്തിനു പുറത്തുള്ള സമാന്തര കാഴ്ചകള്‍


ആര്‍ക്കോട്ടില്‍ നിന്നും ഏകദേശം ആറു കിലോമീറ്റര്‍ പോയാല്‍  Vilappakkam എന്ന സ്ഥലത്ത് പഞ്ജപാണ്ഡവ മല എന്നൊരു സ്ഥലം ഉണ്ട്. അവിടെയും ഏകദേശം ഇതുപോലൊരു ഗുഹയുണ്ട്. ട്രിച്ചിയിലെ പല്ലവ ഗുഹാ ക്ഷേത്രത്തിലെ ദ്വാരപാലകരുടെ രീതിയിലാണ് കവിയൂര്‍ ഗുഹാ ക്ഷേത്രത്തിലെ ദ്വാരപാലകരെയും നിര്‍മ്മിച്ചിരിക്കുന്നത്. ഊന്നി നില്‍ക്കുന്ന ഉപകരണത്തിന്റെ രൂപത്തിന് വ്യത്യാസമുണ്ടെന്നു മാത്രം. ട്രിച്ചി പല്ലവ ഗുഹാക്ഷേത്രവും കവിയൂര്‍ ഗുഹാക്ഷേത്രത്തിലെ ശില്പങ്ങളുമായി സാദ്യശ്യം എങ്ങനെ വന്നു എന്നത് ചിന്തിക്കേണ്ടതാണ്. പല്ലവ രാജാവ് മഹേന്ദ്രവര്‍മ്മന്‍  (Mahendravarman I ) തമിഴ്നാട്ടില്‍ നിര്‍മ്മിച്ച ഗുഹാക്ഷേത്രങ്ങളുടെ രീതിയിലാണ് കവിയൂരിലുള്ള ഈ ഗുഹാക്ഷേത്രത്തിന്റെയും നിര്‍മ്മിതി. മഹേന്ദ്രശൈലി എന്നും ഈ രീതിയിലുള്ള നിര്‍മ്മിതിയെ വിളിക്കുന്നു. വിദ്യുശക്തിയും, ഗതാഗത സൗകര്യവും, വാര്‍ത്താവിനിമയ സൗകര്യവും വളരെ കുറവായിരുന്ന ആറാം നൂറ്റണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ആയിരിക്കാം ഇവിടെയും ഈ ഗുഹാക്ഷേത്രവും നിര്‍മ്മിച്ചത്.  Mahendravarman I - ന്റെ കാലയളവ് 580 – 629 C.E. ആയിരുന്നു എന്ന് പറയപ്പെടുന്നു. സുഹ്യത്ത് ഷാജി ഈ അടുത്ത കാലത്ത് വീണ്ടും കവിയൂരെ ഗുഹാ ശില്പങ്ങള്‍ കണ്ടപ്പോള്‍ proportions അത്രമാത്രം ശരിയല്ല എന്നു തോന്നിയെന്ന് പറയുകയുണ്ടായി. ശില്പ ശാസ്ത്ര പ്രകാരം ഗുഹാക്ഷേത്രത്തിന്റെ തൂണുകളുടെ ഓരോ ഭാഗത്തിനും വരെ ഓരോ പേരുകള്‍ ഉണ്ട്. ഗോള്‍ഡണ്‍ റേഷ്യോ (Golden ratio) എന്ന് കേട്ടിട്ടുണ്ടായിരിക്കും പഴയകാല കലാകാരന്മാര്‍ ഈ ratio  പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. മൈക്കലാന്‍ജലോയും ഡാവിഞ്ജിയും വരെ. ടി. ഡി. രാമക്യഷ്ണന്‍ എഴുതിയ "ഫ്രാന്‍സിസ് ഇട്ടിക്കോര"യില്‍ ഹൈപേഷ്യയെപ്പറ്റി പറയുന്നത് "ദിവ്യാനുപാതത്തില്‍ ക്യത്യമായി സ്യഷ്ടിക്കപ്പെട്ട ശരീരത്തിന്റെ സൗന്ദര്യം" എന്നാണ്. ഇവിടെ ഓരോ പ്രതിമയും നിര്‍മ്മിച്ചത് ഏതേത് അനുപാതങ്ങളീലാണ്, എത്ര വര്‍ഷം പഴക്കം, ഏതു കാലയളവില്‍ നിര്‍മ്മിച്ചത്, എന്നെല്ലാം ആര്‍ക്കും ക്യത്യമായി അറിയില്ല. മൂന്നാലു തലമുറയ്ക്ക് മുമ്പ് വിദ്യുശക്തി ലഭ്യമല്ലായിരുന്നു. സ്ഥലങ്ങള്‍ മിക്കതും കാടുപിടിച്ച് കിടന്നിരുന്നു. ആര്‍ക്കറിയാം നമ്മുടെ സമ്പന്നമായ ഭൂതകാലത്തെക്കുറിച്ച്?.


റവന്യൂ, പുരാവസ്തു, ദേവസ്വം വകുപ്പുകളുടെ അധീനതയിലുള്ള  തൃക്കക്കുടി ഗുഹാക്ഷേത്രം നല്ല നിലയില്‍ സംരക്ഷിക്കപ്പെടേണ്ടിയതാണ്, കാടുകള്‍ എല്ലാം വെട്ടി തെളിച്ച് നല്ല രീതിയില്‍ സംരക്ഷിക്കപ്പെടേണ്ടിയതിന് ആരാണ് മുന്‍കൈയെടുക്കേണ്ടിയത്?, ഇതു പോലെയുള്ള കേരളത്തിലെ അന്നേകം ചരിത്രസ്മാരകങ്ങള്‍ നല്ല രീതിയില്‍ സംരക്ഷിക്കുവാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. 



കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്ന ബൂലോക സുഹ്രുത്തുകള്‍  എഴുതുമല്ലോ.


 ചില ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.








തൃക്കക്കുടി  ഗുഹാക്ഷേത്രത്തിലേക്കുള്ള പടികള്‍





ഒന്നാമത്തെ ദ്വാരപാലകന്റെ പ്രതിമ




ഒന്നാമത്തെ ദ്വാരപാലകന്റെ പ്രതിമ - വശത്തുനിന്നും



മുനിയുടെ പ്രതിമ



രണ്ടാമത്തെ ദ്വാരപാലകന്റെ പ്രതിമ






ഗണപതിയുടെ പ്രതിമ.





കുളി കഴിഞ്ഞ് സുന്ദരിയായ തൃക്കക്കുടി പാറ







ഓരോ തവണ നോക്കുമ്പോഴും വിവിധ ഭാവങ്ങളുള്ള തൃക്കക്കുടി പാറ -  ഇത് ഏതു ഭാവമാണ്





തൃക്കക്കുടി പാറയുടെ മുകളില്‍ നിന്നുള്ള  ദ്യശ്യം





തൃക്കക്കുടി പാറയുടെ മുകളില്‍ നിന്നുള്ള വേറൊരു ദ്യശ്യം






പാറയുടെ ഏതു ഭാവമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്



Kaviyoor Rock Cut Cave Temple
Kaviyoor Trikkakkudi Cave Temple

Sunday, July 24, 2011

കവിയൂരില്‍ നിന്നും മൂന്നാര്‍ വഴി ചിന്നാറിലേക്ക് ഒരു യാത്ര

I lay in my bunk and thought about geology and astronomy and anthropology and theology and zoology and parasitology and the intestinal flora and fauna of Egypt with its claws and teeth.

An Egyptian Journal
William Golding (Lord of the Flies - എന്ന പുസ്തകത്തിലൂടെ വിശ്വപ്രസിദ്ധനായ, സാഹിത്യത്തിന് നോബല്‍ സമ്മാനം കിട്ടിയ എഴുത്തുകാരന്‍)

1985 - ല്‍ അച്ചടിച്ച An Egyptian Journal എന്ന പഴയപുസ്തകത്തിന്റെ പേജ് 47 തിരിച്ച് വീണ്ടും മുകളിലെഴുതിയ ഭാഗം വായിച്ചു. Flora and fauna of chinnar അല്ലെങ്കില്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന മറ്റു പ്രദേശങ്ങള്‍ എങ്ങനെയല്ലാമായിരിക്കും എന്ന് ഞാനും ചിന്തിച്ചു. അല്ലെങ്കിലും, പനി പിടിക്കാത്ത യാത്രകള്‍ എപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കും എന്തെങ്കിലും പഠിക്കുവാനായിട്ട്.  പക്ഷെ ഇത്തവണ പനി പിടിച്ചിട്ടും മുടക്കാത്ത യാത്ര കവിയൂരില്‍ നിന്നും തുടങ്ങി.

കവിയൂരിനെയും കല്ലുപ്പാറയെയും ഏകദേശം വേര്‍തിരിക്കുന്ന പെരുമ്പടി തോടിന്റെ ഫോട്ടൊ എവിടെ നിന്ന് എടുക്കണം. സ്ഥലം കണ്ടു പിടിക്കുവാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നില്ല, കരവേലില്‍ ഇളമ്പാശേരിക്കാരുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്തിന്റെ അതിരില്‍ നിന്നും താഴെ തോട്ടിലേക്കിറങ്ങി കുറച്ച് ഫോട്ടോകള്‍ എടുത്തു. ഈ തോട് ചെന്ന് ചേരുന്നത് മണിമലയാറിലാണ്. അതേ ദിവസം എനിക്ക് നല്ല ജലദോഷവും അതിനോടു കൂടി പനിയും പിടികൂടി. നല്ല രീതിയില്‍ വിശ്രമിക്കണ്ടിയ സമയം, പക്ഷെ മൂന്നാറിന് പോകുവാനുള്ള പദ്ധതിയോ, പനിയാണെങ്കിലും പോകണം. വില്‍സനാണ് അടുത്തു തന്നെയുള്ള സജി ഡോക്ടറിന്റെ അടുക്കല്‍ കൊണ്ടു പോയത്. അത്യാവശ്യം ഗുളികള്‍ അവിടെ നിന്നും വാങ്ങി. ഗുളികകള്‍ കഴിച്ചാലും ഒരാഴ്ചയെങ്കിലും ഈ പനി നില്‍ക്കുവാന്‍ സാധ്യതയുണ്ട്. ഈ നദി തീരത്തു നിന്നും തമിഴ്നാടിനെയും കേരളത്തെയും വിഭജിക്കുന്ന ചിന്നാര്‍ നദി തീരം വരെ പോകണമെന്നാണ് ആഗ്രഹം




കവിയൂര്‍ പെരുമ്പടി തോടിന്റെ ശാന്തത


കവിയൂര്‍ പെരുമ്പടി തോട്


ഒരിക്കല്‍ കവിയൂരിലൂടെ ഒഴുകുന്ന ഈ തോടിന്നു രണ്ടു വശത്തും കരിമ്പിന്‍ ക്യഷി ധാരാളമായി കാണാമായിരുന്നു, ഇപ്പോള്‍ ചിന്നാറിനു പോകുന്ന വഴി മറയൂര്‍ ഭാഗത്ത് കരിമ്പിന്‍ ക്യഷി കാണാം. മറയൂ‍ര്‍ ശര്‍ക്കര വളരെ പ്രസിദ്ധിയാര്‍ജിച്ചതും. പുളിക്കീഴ് പഞ്ചസാര ഫാക്ടറി നിന്നതു കൊണ്ട് കരിമ്പ് ഉല്‍പാദനം കുറഞ്ഞു കാണണം. എന്തായാലും പമ്പാറിവര്‍ ഫാക്ടറി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഈ പ്രദേശങ്ങളില്‍ വളരെ വ്യാപകമായി കരിമ്പ് ഉല്‍പാദിപ്പിച്ചിരുന്നു.


കേരള അതിര്‍ത്തിയിലുള്ള ചിന്നാര്‍ നദി


കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയിലുള്ള ചിന്നാര്‍ നദി

ചിന്നാര്‍ നദി

ഐതിഹ്യം പറയുന്നത്, പഞ്ചപാണ്ഡവന്‍മാര്‍ കവിയൂര് ഒരു ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചു, പകുതിയായപ്പോള്‍ നേരം വെളുത്തെന്ന് വിചാരിച്ച് അവര്‍ പണി പൂര്‍ത്തിയാകാതെ ഇട്ടിട്ട് പോയി എന്നാണ്. അതു പോലെ അവരുടെ പാദ സ്പര്‍ശമേറ്റ സ്ഥലമാണ് മറയൂരും ചിന്നാറും മറ്റും എന്നാണ് കേള്‍വി. ഐതിഹ്യത്തിലല്ലാതെ, റ്റാറ്റ ടീയിലും അതിനുമുമ്പ് റ്റാറ്റ ഫിന്‍ലേയിലും, അതിനും മുമ്പ് കണ്ണന്‍ ദേവന്‍ ടീയിലും മറ്റും കവിയൂര് നിന്നും അന്നേകം ആളുകള്‍ ജോലി ചെയ്തിട്ടുണ്ട്.  അവിടെ ടീ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന കവിയൂരുകാര്‍ ഉണ്ട്.


മൂന്നാറില്‍ താമസ്സത്തിനായി Greenridge holiday home - ല്‍ തന്നെയാകട്ട് എന്ന് തീരുമാനിച്ച് വിളിച്ച് പറഞ്ഞു.  ഈ താമസ സ്ഥലം മൂ­ന്നാ­റില്‍ പ­ഴ­മ­യു­ടെ ഗ­ന്ധം നിറഞ്ഞു നില്‍ക്കുന്ന പുരാതനമായ സിഎ­സ്‌­ഐ പ­ള്ളി­യുടെ താഴെയാണ്. മൂ­ന്നാ­റി­ലെ തേ­യി­ല­ത്തോ­ട്ട­ത്തി­ന്റെ ജനറല്‍ മാ­നേ­ജ­രാ­യി­രു­ന്ന H.M.Knight - നൊടൊപ്പം താ­മ­സി­ക്കാ­നെ­ത്തി­യ­താ­യി­രു­ന്നു ഭാ­ര്യയാ­യ എ­ലേ­നര്‍. മൂ­ന്നാ­റില്‍ ചു­റ്റി­ക്ക­റ­ങ്ങാ­നെത്തി­യ എ­ലേ­നറും ഭര്‍­ത്താ­­വും ഇ­ന്നു പ­ള്ളി­യി­രി­ക്കു­ന്ന കു­ന്നിന്‍ മു­ക­ളി­ലെത്തി. അവിടുത്തെ പ്രക്യതിസൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടിട്ട്, അ­വി­ടെവ­ച്ച് താന്‍ മ­രി­ച്ചാല്‍ ത­ന്നെ ഇ­വി­ടെ അ­ട­ക്ക­ണ­മെ­ന്നു എ­ലേ­നര്‍ പ­റ­ഞ്ഞു­.   ഇതു പറഞ്ഞതിനു ശേഷം കോ­ള­റ ബാ­ധി­ച്ച് അ­ടു­ത്ത ദിവസങ്ങളിലേതേ ദിവ­സം എ­ലേ­നര്‍ മ­രി­ച്ചു. എ­ലേ­നറിന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം അവ­രെ കു­ന്നിന്‍­മു­ക­ളില്‍ സം­സ്­ക­രി­ച്ചു. ഇത് നടന്നത് 1894 -ലായിരുന്നു. പി­ന്നീ­ട് 16 വര്‍­ഷ­ത്തി­നു ശേ­ഷം 1910 ലാ­ണ് ഇ­വി­ടെ പ­ള്ളി­യു­ടെ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ തു­ട­ങ്ങി­യ­ത്. പൂര്‍­ണ­മായും ക­രി­ങ്കല്ലില്‍ നിര്‍­മി­ച്ചി­രി­ക്കു­ന്നതാണ് ഈ ദേ­വാല­യം. കുന്നിന്‍ മു­ക­ളി­ലെ സെ­മി­ത്തേ­രി­യി­ലു­ള്ള എ­ലേ­ന­റി­ന്റെ കല്ല­റ­യും ഇന്നും നി­ല­നില്‍­ക്കു­ന്നുണ്ട്. സെമിത്തേരി ഉണ്ടായതിനു ശേഷം നിര്‍മ്മിച്ച പള്ളിയാണ് മൂ­ന്നാര്‍ സി­ഐ­സ്‌­ഐ ദേ­വാലയം Greenridge holiday home - ന്റെ തൊട്ടു മുകളിലാണെങ്കിലും അവിടെയും പോകുവാന്‍ സാധിച്ചില്ല.



Greenridge holiday home - ന്റെ പുറത്ത് നിന്നുള്ള ദ്യശ്യം.




Greenridge holiday home - ല്‍ നിന്നും പുറത്തേക്ക് രാത്രിയില്‍ നോക്കുമ്പോള്‍





Greenridge holiday home - ല്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍



മൂ­ന്നാര്‍ സി­ എസ് ­ഐ ദേ­വാലയം

ഞാനും വില്‍സനും ജീബോയിയും കുട്ടികളും കുടുബത്തിലുള്ളവരും ഉണ്ടായിരുന്നു. സുജിന്‍ ടെമ്പോ ട്രാവലര്‍ സംഘടിപ്പിച്ച് ഓടിച്ചു. രാവിലെ അഞ്ചു മണിക്ക് യാത്ര കവിയൂരില്‍ നിന്നും പുറപ്പെട്ടു. ഏകദ്ദേശം പതിനെന്നു മണിയോടു കൂടി Greenridge - ല്‍ എത്തി ചേര്‍ന്നപ്പോള്‍ General Manager സാജു ചാക്കോ അവിടെയുണ്ടായിരുന്നു. പരിചയം പുതുക്കി മുറികളില്‍ ചെന്നതിന് ശേഷം വീണ്ടും മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവടങ്ങളില്‍ സന്ദര്‍ശിച്ച് തിരികെ വന്നു. വീണ്ടും എനിക്ക് നല്ല പനി. ഗുളിക കഴിച്ചതിനു ശേഷം നല്ല ഉറക്കം.


മൂന്നാറിന്റെ ഒരു ദ്യശ്യം


പിറ്റേ ദിവസ്സമാണ് മറയൂര്‍ വഴി ചിന്നാറിന് യാത്രയായത്. മറയൂര്‍ ശര്‍ക്കര ഉല്‍പാദിപ്പിക്കുന്നത് കാണണം. മുനിയറകള്‍ കാണണം.  ഇതു രണ്ടും കാണുവാന്‍ സാധിച്ചില്ല. പനിയുടെ ചെറിയ ക്ഷീണം ഉണ്ട്. പിന്നെ ഇന്നു വൈകുന്നേരം തന്നെ തിരികെ യാത്രയാകണം. ഇനിയുള്ള യാത്രകളില്‍ വശ്യപ്പാറ ക്യാംപ് ഷെഡില്‍ രാത്രി താമസ്സിക്കണം. അതു പോലെ ആദിവാസി ഊരുകളിലൂടെ ഒരു ട്രക്കിംഗ് നടത്തണമെന്നും തീരുമാനിച്ചു.
മൂന്നാറില്‍ നിന്നും ഏകദേശം 60 k.m. ദൂരെയാണ് ചിന്നാര്‍. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാര്‍, അവിടെ നിന്നും മറയൂര്‍ വഴി ഉടുമല്‍പേട്ടയിലേക്കുള്ള റോഡ് ചിന്നാര്‍ വന്യ ജീവി സങ്കേതത്തെ മുറിച്ച് കടന്നു പോകുന്നു. അതി രാവിലെയോ സന്ധ്യാസമയത്തോ ഈ വഴി പോകുകയാണെങ്കില്‍ ആനയെയോ, കാട്ടു പോത്തിനെയോ മറ്റു വന്യമ്യഗങ്ങളെയോ വഴിയില്‍ കാണാവുന്നതാണ്.

ചിന്നാറിന്റെ Flora and fauna - നെക്കുറിച്ച് ചെറുതായെങ്കിലും ചിന്തിച്ചു, ചിന്നാറില്‍ വളരെയധികം ഉയരത്തില്‍ നില്‍ക്കുന്ന കള്ളിമുള്‍ ചെടികള്‍ ഉണ്ട്. അതേ സമയം കവിയൂരും മറ്റും കാണുന്ന ചെറിയ കള്ളിമുള്‍ ചെടികളും ഉണ്ട്. ചിന്നാര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലിറങ്ങി അവിടെ വാച്ച് ടവറില്‍ പോകുവാനുള്ള ഫീസ് അടച്ചാല്‍ ഒരു ആദിവാസി ഗൈഡിനെ കൂടെ വിടും. പോയി വാച്ച് ടവര്‍ കണ്ടതിനു ശേഷം ചിന്നാര്‍ നദി തീരത്തു കൂടി തിരികെ വരാം. കള്ളിമുള്‍ ചെടികള്‍ തിന്നുന്ന നക്ഷത്ര ആമകള്‍ ഇവിടെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.



വലിയ കള്ളിമുള്‍ ചെടി, ഇതിലും വലിയ കള്ളിമുള്‍ ചെടികള്‍ അവിടെ ഉണ്ട്.




കള്ളിമുള്‍ ചെടിയുടെ പൂവ്. ചിന്നാര്‍ നദിക്ക് സമീപം കണ്ടത്




ചിന്നാര്‍ ഭാഗത്തുള്ള Bonnet Macaque


കള്ളിമുള്‍ ചെടിയുടെ പൂവിന്റെ ഫോട്ടോ എടുക്കുവാന്‍ ചെന്നപ്പോള്‍ ഒരു മുയല്‍ അവിടെ നിന്നും ഓടി പോയി. കൂട്ടം കൂട്ടമായി നടന്ന് പോകുന്ന നക്ഷത്ര ആമകള്‍ എവിടെ. കാട്ടുനാരക മരങ്ങളും അവിടെ കണ്ടു. പിന്നെ മഴ തീരെ കുറവായുള്ള സ്ഥലത്തിന്റെ എല്ലാ പ്രതീതിയും. ഭക്ഷണ സാധനങ്ങള്‍ കരുതുന്നത് നല്ലതാണ്. അവിടെ നിന്നും ഉടുമല്‍പേട്ട വഴി പളനി വരെ ഒരു യാത്രയുമാകാം.

തിരികെ വരുമ്പോള്‍ കാന്തല്ലൂ‍ര്‍ പോയി പച്ചക്കറികള്‍ വാങ്ങുകയും ആകാം.



ജിബോയിയും വില്‍സണും മൂന്നാറില്‍



മൂന്നാറിന്റെ മറ്റൊരു ദ്യശ്യം

പനിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ കുറച്ച് കൂടി ദിവസങ്ങള്‍ മൂന്നാറില്‍ തങ്ങി Flora and Fauna of Chinnar കുറച്ച് കൂടി മനസ്സിലാക്കുവാന്‍ പഠിക്കുവാന്‍ ഇനിയും ഒരു യാത്ര എന്നാണാവോ സാധ്യമാകുക.

എല്ലാ യാത്രയും വീണ്ടും യാത്ര ചെയ്യണമെന്നും വീണ്ടും പഠിക്കുവാന്‍ ചിലതെല്ലാം ഉണ്ടെന്നും ഓര്‍മിപ്പിക്കുന്നു. അങ്ങനെ ആ സന്ധ്യയില്‍ തന്നെ മൂന്നാറിനോട് വിട വാങ്ങി തിരികെ യാത്രയായി, ഇനിയും വരാമെന്ന് പറഞ്ഞു കൊണ്ട്.

Saturday, April 30, 2011

വെറും വെറുതെ

ERP - യും മറ്റുള്ള സിസ്റ്റങ്ങളും വന്നതോടു കൂടി സാധാരണ ഓഫീസുകള്‍ക്കെല്ലാം മാറ്റം വന്നു, ഏതോ ഓഫീസില്‍ ഇരിക്കുന്നവര്‍ ചെയ്യുന്ന, എവിടെ നിന്നെല്ലാമോ കിട്ടുന്ന ഡാറ്റാ. എല്ലാവരും പലയിടത്തുനിന്നും നിക്ഷേപിക്കുന്ന ഡാറ്റ. എന്നിങ്ങനെയൊക്കെയായി. എന്നാല്‍ മനോജും സയീദും ജോലി ചെയ്യുന്നത് പഴയ രീതിയിലുള്ള ഓഫീസിലാണ്. കുറച്ച് പേരുള്ള, എന്നാല്‍ വളരെയധികം തിരക്കുള്ള ഒരു ഓഫീസ്.

അന്നു രാവിലെ ഓഫീസില്‍ വളരെ തിരക്കായിരുന്നു. തിരക്ക് കൂടി കൂടി സയീദിന് ഒരുമാതിരി ഭ്രാന്ത് പിടിച്ചു, അപ്പോള്‍, അവന്‍ വളരെ, വളരെ ശാന്തനായി, ഒരാള്‍ അവന്റെ മുമ്പില്‍ വന്ന് ഒപ്പിട്ട് തരണം എനിക്ക് പാസ്സ്പോര്‍ട്ട് എടുക്കേണ്ടിയതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഒന്നു രണ്ടു പ്രാവശ്യം സയീദ് പറഞ്ഞു ഞാനല്ല അവിടെ ഒപ്പിടേണ്ടിയത്, മുമ്പിലിരിക്കുന്ന മനോജാണ്, അവന്‍ ഇപ്പോള്‍ വരും കുറച്ച് സമയം നില്‍ക്കു. പാസ്പ്പോര്‍ട്ട് എടുക്കെണ്ടിയ ആള്‍ക്ക് വീണ്ടും നിര്‍ബന്ധം ഒരു ഒപ്പിന് ഇത്രയും ജാഡയും സമയവും എന്ന് വന്നയാള്‍ പിറുപിറുത്തു കൊണ്ടിരുന്നു. സയീദ് അവനെ വിളിച്ചു. അവന്റെ കൈയില്‍ നിന്നും അപേക്ഷാഫാറം വാങ്ങി ഒപ്പിട്ടു. നിന്റെ ആഗ്രഹം നടന്നല്ലോ, നിനക്ക് ഇപ്പോള്‍ സന്തോഷമായല്ലോ, ഇനിയും ദയവായി പോയാലും. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ വന്നു. നിങ്ങളുടെ ഒപ്പ് അവര്‍ സമ്മതിക്കുന്നില്ല. എങ്കില്‍ ഒരു കാര്യം ചെയ്യുക, മുമ്പില്‍ ഇരിക്കുന്ന മനോജിന്റെ ഒപ്പ് വാങ്ങി കൊണ്ടു പോയി പാസ്സ്പോര്‍ട്ട് വാങ്ങുക. ഇനിയും മേലാല്‍ ആരുടെയും അടുക്കല്‍ ചെന്ന് ഒപ്പിടുക, ഒപ്പിടുക എന്ന് പറഞ്ഞ് നിര്‍ബന്ധിക്കരുത്. അവന്‍ മനോജിന്റെ അടുക്കലേക്ക് പോയി.

സായീദേ, സ്വന്തം അപ്പന്‍ പോലും അധികാരത്തില്‍ വരുവാന്‍ പ്രാര്‍ത്ഥിക്കരുതേ, ചിലപ്പോള്‍ അയാള്‍ അധികാരത്തില്‍ വരുമ്പോഴായിരിക്കാം മകന് ഏറ്റവും ദ്രോഹങ്ങള്‍ ഉണ്ടാകുന്നത്. അല്ലെങ്കില്‍ കിട്ടാനുള്ളത് കിട്ടാതെ പോകുന്നത്. മകന്റെ ഭാഗത്തു നിന്നും അപ്പന്‍ ചിന്തിക്കണം. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്ന മനോജ് അവന്റെ അധികാരത്തെപ്പറ്റിയുള്ള അഭിപ്രായം പറഞ്ഞു.

എന്താ മനോജേ, അധികാരത്തിലിരിക്കുന്ന അപ്പനെയും അവിടെ യാതൊരു അധികാരവുമില്ലാത്ത മകനെയും കുറിച്ചാണോ ഇന്നത്തെ ചിന്ത. സയീദ് വളരെയധികം തിരക്കിനിടയില്‍ ചോദിച്ചു.
മനോജ് ഗാന്ധിജിയേയാണോ ഉദ്ദേശിച്ചത്, അതോ ഏതെങ്കിലും ഏകാധിപതി. മനുഷ്യര്‍ പലപ്പോഴും പറയുന്ന കാര്യങ്ങള്‍ വളരെ കാര്യമായിട്ട് എടുക്കേണ്ടിയ കാര്യമില്ല. പക്ഷെ മനുഷ്യര്‍ ഇങ്ങനെ വെറുതെ പറഞ്ഞ് പറഞ്ഞ് പുതിയൊരു ഹിറ്റ്ലറെ വരെ അധികാരത്തില്‍ വരുത്തിക്കളയും.

സയിദിന്റെ ചിന്തകളെ അലസോരപ്പെടുത്തി അടുത്ത കക്ഷി സയീദിന്റെ അടുക്കല്‍ എത്തി.

നിനക്ക് എന്തു വേണം,

എനിക്ക് ലീവിന്റെ പൈസാ കിട്ടിയില്ല. ഇന്‍ഡ്യക്കാര്‍ ഇവിടെ വന്നാല്‍ ദിനാറാണ് കിട്ടുവാനുള്ളതെങ്കിലും "പൈസാ" എന്നേ പറയുകയുള്ളു.

നീയിരിക്കുക, സയിദ് കസേര വലിച്ചിട്ടു.

നീ രാവിലെ വല്ലതും കഴിച്ചിരുന്നുവോ

ഇല്ല.

സാന്‍വിച്ച് ഒര്‍ഡര്‍ ചെയ്യാം. നിനക്ക് എന്താണ് വേണ്ടിയത്. അവന്‍ സയിദല്ലേ പൈസാ മുടക്കുന്നതെന്ന് വിചാരിച്ചിട്ടായിരിക്കാം എനിക്ക് ഫിലാഫില്‍ സാന്‍വിച്ച് മതി എന്ന് പറഞ്ഞു. അല്ല അതിലും നല്ല സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്യാം, എടാ മനോജേ നിനക്കും കൂടി ഇരിക്കട്ട്.

ഭക്ഷണം വന്നു. ആ സമയം കൊണ്ട് സയീദ് ലീവിന്റെ "പൈസാ" എല്ലാം ശരിയാക്കി.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് സയിദ് പറഞ്ഞു. ഇതാ നിന്റെ പൈസാ. അഞ്ഞൂറ് ദിനാറണ് നിനക്ക് കിട്ടുവാനുള്ളത്. ഇതാ നാനൂറ്റി തൊണ്ണുറ്റി ആറു ദിനാറ്.

സാറേ, നാലു ദിനാറ്.

അതോ, അത് ഭക്ഷണത്തിന്റേത്, അല്ല, അതു ശരിയല്ലല്ലോ, ഞാന്‍ തരാം, സയിദ് പേഴ്സ് എടുത്തു.

വേണ്ട സാര്‍ എടുത്തു കൊള്ളു. ഞാനും കൂടി കഴിച്ചതല്ലേ. സാരമില്ല.

ഹോ, എന്തൊരു സന്തോഷം, ഒപ്പ് വേണമെന്ന് കരഞ്ഞവന് ഒപ്പ്. ലീവിന്റെ പൈസ വേണമെന്ന് കരഞ്ഞവന്, പൈസാ മാത്രമല്ല, ഭക്ഷണവും.

അടുത്ത ആള്‍ അടുത്ത ആവശ്യവുമായി സയീദിന്റെ അടുക്കല്‍ എത്തി.

ങ, എന്താണ് നിന്റെ പ്രശ്നം, ഒപ്പാണോ, പൈസായാണോ.

നൈ സാര്‍....., ഇന്ന് രാത്രി അവിടെ ഹോട്ടാലില്‍, മറ്റേ, ഹോളിഡേ, താമസം കുറഞ്ഞ ചിലവില്‍ കിട്ടുന്ന....

എടോ മനോജേ രാത്രിയില്‍ നീയും കൂടി വരണം അവധിക്ക് പോകുമ്പോള്‍ ഡിസ്കൗണ്ടില്‍ റിസോര്‍ട്ടില്‍ താമസ്സിക്കുവാനുള്ള ഓഫറാണ്.

സയിദും മനോജും രാത്രി അവിടെ എത്തി. കുറച്ച് സമയം എല്ലാം കേട്ടു കൊണ്ടിരുന്നു. അവസാനം മനോജിന്റെ മുമ്പില്‍ ഒരാള്‍ വന്നു.

സാറേ, ഇന്ന് ഈ ഓഫര്‍ എടുക്കുകയാണെങ്കില്‍ സാറിന്, മുന്നൂറ് ദിനാര്‍ ലാഭം

മുന്നൂറ് ദിനാറോ?

അതേ, മുന്നൂറ് ദിനാര്‍.

ഞാന്‍ നാളെ എടുത്തു കൊള്ളാം, ഈ ഡിസ്കൗണ്ടില്‍ തന്നാല്‍ മതി.

സാറേ, അത് സാധ്യമല്ല, ഇന്നു തന്നെ എടുക്കണം, എടുത്തില്ലെങ്കില്‍ ഈ ഓഫര്‍ ഇല്ല.

ഞാന്‍ നാളെ തരാം, ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ സാര്‍, മനോജ് താണു പറഞ്ഞു.

സാറേ, അത് സാധ്യമല്ല, ഇന്നു തന്നെ എടുക്കണം, എടുത്തില്ലെങ്കില്‍ ഈ ഓഫര്‍ ഇല്ല.

ഇന്ന് എത്ര മണി വരെ ഇവിടെയുണ്ട്.

പത്തു മണി വരെ.

ഇപ്പോള്‍ സമയം

ഒന്‍പത് അമ്പത്.

ഇനിയും പത്ത് മിനിട്ടിനുള്ളില്‍ ഞാന്‍ ആയിരത്തി അഞ്ഞൂറ് ദിനാര്‍ തരുകയാണെങ്കില്‍ എനിക്ക് ലാഭം മുന്നൂറ് ദിനാര്‍.

ഞാന്‍ ബാങ്ക് കാര്‍ഡ് എടുത്തിട്ടില്ല, ദിനാര്‍ എടുത്തിട്ടില്ല. എന്റെ കുടുംബത്തോടു കൂടി വൈകിട്ട് കഴിയേണ്ടിയ സമയം മാത്രമല്ല നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. മുന്നൂറ് ദിനാറും കൂടിയാണ്.

അതെങ്ങെനിയാണ് സാര്‍.

ഒന്നും പറയണ്ടാ എനിക്ക് നഷ്ടമായ മുന്നൂറ് ദിനാര്‍ ഇപ്പോള്‍ കിട്ടണം.
അതെങ്ങിനെയാണ് സാര്‍, സാര്‍ ഇതില്‍ ചേര്‍ന്നിട്ടില്ലല്ലോ.

അതെ ഞാന്‍ ബാങ്ക് കാര്‍ഡ് എടുത്തു കൊള്ളണം, അല്ലെങ്കില്‍ ദിനാര്‍ കരുതി കൊള്ളണം എന്ന് നിങ്ങള്‍ എന്തു കൊണ്ട് പറഞ്ഞില്ല.

എനിക്ക്, ഇപ്പോള്‍ കിട്ടണം മുന്നൂറ് ദിനാര്‍, കോള്‍ യുവര്‍ മാനേജര്‍ നൗ.

സാര്‍ അത്,

ആളുകള്‍ കൂടുവാന്‍ തുടങ്ങി,

ഇയാള്‍ കാരണം എന്റെ മുന്നൂറ് ദിനാര്‍ പോയി, അത് എനിക്ക് ഇപ്പോള്‍ കിട്ടണം
സാര്‍ അത്...

കോള്‍ യുവര്‍ മാനേജര്‍ നൗ.

സയിദ് അപ്പോള്‍ ഓടി എത്തി, മനോജേ സാറു വിളിക്കുന്നു. എന്തോ കാര്യം പറയുവാനാണ്. നീയിങ്ങു വന്നേ.

എന്താടാ സാറിന് ഈ രാത്രിയില്‍ അറിയേണ്ടിയത്.

നീ പുറത്ത് വരിക ഇവിടെ വളരെ ശബ്ദം,

സാറേ, ഒരു മിനിട്ട് ഇവിടെ വളരെ ശബ്ദം പുറത്തിറങ്ങിയിട്ട് സംസാരിക്കാം, സയിദ് ഫോണ്‍ ചെവിയില്‍ വെച്ച് മൊഴിഞ്ഞു.

അവര്‍ സാറിനോടു സംസാരിക്കുവാന്‍ പുറത്തിറങ്ങി,

എന്താടോ നിനക്ക്, എന്തു മുന്നൂറു ദിനാര്‍. ചുമ്മാതെ വെറുതെ എന്തിനാണ് ഇത്ര ശബ്ദം ഉണ്ടാക്കുന്നത്.

അല്ലടോ അവന്‍ ഇപ്പോള്‍ ഓഫര്‍ എടുപ്പിച്ചിട്ടേ അടങ്ങു. അതുകൊണ്ടാണ്. വെറും, വെറുതെ

എന്നാലേ സാറ് ഫോണിലില്ലായിരുന്നു. ഇതും വെറും, വെറുതെ. എല്ലാം വെറും വെറുതെ.

Saturday, March 26, 2011

ആകാശം മറച്ച് നിറഞ്ഞ ഭീകരപൊടിക്കാറ്റ് ( 25-March-2011 ).

പല സ്ഥലങ്ങളിലുള്ള കാലാവസ്ഥയും അതിനോടനുബന്ധിച്ചുള്ള ജനങ്ങളുടെ സംസാരവും, അവിടെയുള്ള ജനജീവിതവും എനിക്ക് പ്രിയപ്പെട്ടതാണ്.  ഈ അടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് സോഫിയാ എന്ന ബള്‍ഗേറിയായിലുള്ള സ്ഥലത്ത് പോയപ്പോഴും ഞാന്‍ അവനോട് പറഞ്ഞത് കഴിവതും ജനജീവിതം നിരീക്ഷിക്കുവാനാണ്. അവിടെ ജിപ്സി വര്‍ഗ്ഗക്കാരെക്കുറിച്ച് വല്ല വിവരവും കിട്ടുകയാണെങ്കില്‍ ശേഖരിക്കുക എന്നും പറഞ്ഞു, എന്റെ കൈയില്‍ വായിച്ച് തീര്‍ക്കാത്ത Bury me standing - The Gypsies and Their Journey എന്ന Isabel Fonseca എഴുതിയ പുസ്തകവും. അവിടെ (ലോകത്തെവിടെയും) കാലാവസ്ഥ എങ്ങിനെ എന്നു അറിയുവാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട് എന്ന് ഞാനും ചിന്തിക്കുന്നു.

ഇവിടെ ഇന്നലെ വൈകിട്ട് ആറു മണിക്ക് ശേഷവും ജനലുകള്‍ ചെറുതായി തുറന്നിട്ട് കിടന്നുറങ്ങി എഴുന്നേറ്റവര്‍ മുറിയില്‍ നിറഞ്ഞിരിക്കുന്ന പൊടി കണ്ട് അമ്പരന്നു. ബീച്ചില്‍ കുളിക്കുവാന്‍ പോയ ഒരു ഈജിപ്ഷ്യന്‍ സുഹൃത്ത് "വരുന്നേ ഓടിക്കോ" എന്ന് ആരോ അറബിയില്‍ വിളിച്ച് പറയുന്നത് കേട്ട് നോക്കിയപ്പോള്‍ പര്‍വ്വതം ഉരുണ്ടു വരുന്നതു പോലെ പൊടി കാറ്റ്. ഫഹാഹീലില്‍ നിന്നിരുന്ന ഒരു സുഹൃത്തിന് അബ്ബാസിയായില്‍ നി്ന്നുള്ള സുഹൃത്തിന്റെ ഫോണ്‍ വന്നു "എവിടെയാണ്, അവിടെ പൊടി കാറ്റുണ്ടോ?". "ഇല്ലല്ലോ" എന്നു പറഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ ശക്തമായ പൊടിക്കാറ്റ് കണ്ട് ഓടി വണ്ടിയില്‍ കയറി. ഫാഹഹീലില്‍ മരുന്ന് കടയില്‍ നിന്ന് മരുന്നു വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പുറത്ത് വളരെയധികം ഇരുട്ടും,
പൊടിക്കാറ്റും. തിരികെ കടയില്‍ വീണ്ടും കയറി നിന്നു. അന്നേകം ആളുകള്‍ പുറത്ത് നിന്നും കടയിലേക്ക് കയറി. കടയിലും പൊടി നിറഞ്ഞ് കയറിയപ്പോള്‍ കടയുടെ ഉടമസ്ഥന്‍ ആളുകളെ പുറത്തിറക്കി ഷട്ടര്‍ ഇട്ടു. ആളുകള്‍ ഒന്നും കാണുവാനാകാതെ പുറത്തും. വൈകിട്ട് കളിക്കുവാന്‍ പോയ കുട്ടികള്‍ അവരവരുടെ വീട്ടില്‍  തിരികെ കയറി പുറത്തേക്ക് നോക്കു എന്നു പറഞ്ഞ് ആവേശവും പരിഭ്രമവും കാണിച്ചു. അപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് സംസാരിക്കുവാന്‍ സാധിച്ചില്ല. ഒരു സുഹൃത്ത് സ്നേഹം നിറഞ്ഞ ഭാര്യ  കടയില്‍ നിന്നും എന്തോ വാങ്ങിക്കണമെന്ന് പറഞ്ഞപ്പോള്‍, ഈ പൊടിക്കാറ്റിലും പുറത്തിറങ്ങി കെട്ടിടത്തിന് എതിര്‍ വശത്തുള്ള കടയില്‍ പോയി സാധനം വാങ്ങി തിരികെ വന്നു. കട കൊട്ടി തുറന്നാണ് അവശ്യ സാധനം വാങ്ങിയത്.

കഴിഞ്ഞ വര്‍ഷം (17 April 2010) ആദ്യമായി  ഇവിടെ  ഇങ്ങനെ ഒരു പ്രതിഭാസം കണ്ട അന്നേകം ആളുകള്‍ ലോകാവസാനത്തോടു ബന്ധപ്പെടുത്തി എന്നോട് സംസാരിച്ചിരുന്നു. ഈ വര്‍ഷം അങ്ങനെ ഒന്നും പറഞ്ഞു കേട്ടില്ല. സുനാമി എന്ന പദം ചിലപ്പോഴെങ്കിലും ഇതിനോട് ബന്ധപ്പെടുത്തി ഇന്ന് കേട്ടിരുന്നു.  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍( 2010 ഏപ്രില്‍ 25) ആനന്ദ് 1930- കളില്‍ അമേരിക്കയിലുണ്ടായ പൊടിക്കാറ്റുകളുടെ പരമ്പരയെപ്പറ്റി എഴുതിയിരുന്നു. എഴുത്തുകാരന്‍ ചിലപ്പോള്‍ ചിലത് മുന്‍കൂട്ടി കാണുന്നു, ലേഖനം എഴുതിയത് 17 April 2010 മുമ്പായിരിക്കും. ശ്രീ. ആനന്ദ്, ഈ വര്‍ഷവും ഇവിടെ വീണ്ടും ഒരു പൊടിക്കാറ്റ്.  മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തുന്ന ചിലരെങ്കിലും പഴയ ആ പതിപ്പ് എടുത്ത് വായിക്കാതിരിക്കില്ല. കഴിഞ്ഞ വര്‍ഷം നടമാടിയ ഭീകരപൊടിക്കാറ്റിനെ പിന്‍തുടര്‍ന്ന് മഴയുമുണ്ടായിരുന്നു. ഈ വര്‍ഷം അത് കണ്ടില്ല.

"മുമ്പില്‍ നിന്നു നോക്കിയാല്‍ വെള്ള പൊടിയാണ് എന്നാല്‍ ആ വെളുത്ത പൊടിപടലത്തിനു പുറകില്‍ മുഴുവന്‍ കറുത്ത പൊടിയാണ്"  നേരിട്ട് ഫാഹഹീലില്‍ നിന്നും ഇത്  കണ്ട ഒരാള്‍ എന്നോട്  നിഗൂഡത നിറഞ്ഞ് പ്രസ്ഥാവിച്ചു.


ഇനി ചില ചിത്രങ്ങള്‍.

പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച. ആകാശം മറച്ച് നീങ്ങുന്ന കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റ് ആകാശതെളിമയെ വിഴുങ്ങി നീങ്ങുന്നു.









കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അകലെയുള്ള തെരുവ് വിളക്കുകളോ കടകളിലെ വെളിച്ചമോ കാണുവാനില്ല. മുമ്പിലുള്ള കെട്ടിടത്തിന്റെ അതിര്‍ ഭിത്തിയുടെ മുകളിലുള്ള വെളിച്ചം മാത്രം തീരെ ചെറുതായി.


ഇന്ന് രാത്രിയില്‍ പുറത്തേക്ക് നോക്കിയെടുത്ത ചിത്രം. മുകളിലത്തെ ഇന്നലെ എടുത്ത ചിത്രവും കാണുക




എന്റെ മകന്‍ റോണ്‍ കെട്ടിടത്തിന്റെ താഴെ പോയി മൊബൈലില്‍ എടുത്ത ചിത്രം, മൊത്തം ഇരുട്ട് വ്യാപരിക്കുന്നതിന്  മുമ്പ്





ഫഹാഹീലില്‍ നിന്നും എടുത്ത  രണ്ടു   ചിത്രങ്ങള്‍ (അയച്ചു തന്ന സതീഷീനും ചിത്രങ്ങള്‍ എടുത്ത
സുഹൃത്തിനും നന്ദി).



സുലൈബിയ ക്യാമ്പില്‍ നിന്നും എടുത്ത ചിത്രം, ചിത്രം തന്നതിന് നന്ദി.



പൊടിക്കാറ്റ്, കുവൈറ്റ്.

Monday, February 28, 2011

രണ്ടു ചിത്രങ്ങള്‍

2011, രണ്ടാം മാസത്തിന്റെ അവസാന ദിവസം രണ്ടു ചിത്രങ്ങള്‍.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബറും ഒരുമിച്ച് ചേര്‍ന്ന് നില്‍ക്കുന്ന മുളകുകളും.

ഇവിടെ കണ്ടത്.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബര്‍



നാട്ടില്‍ കണ്ടത്.
ഒരു തണ്ടില്‍ നിന്നും രണ്ടായി വിടര്‍ന്നു നില്‍ക്കുന്ന മുളകുകള്‍.










Monday, January 31, 2011

കണ്ണീര്‍ മറയ്ക്കുന്ന മഴ

"I always like walking in the rain, so no one can see me crying."
 Charlie Chaplin

ചാര്‍ലി ചാപ്ലിന്റെ പ്രശസ്തമായ ഈ ഉദ്ധരണി ഓര്‍മ്മയിലെത്തിച്ചത് ഇന്നലെ ഇവിടെ പെയ്ത മഴയാണ്.  ഇന്നലെ മഴ പെയ്ത് കൊണ്ടിരിക്കുന്നത് കേള്‍ക്കുവാന്‍ നല്ല സുഖമുണ്ടായിരുന്നു. ആകെ ക്ഷീണം നിറഞ്ഞ പകലില്‍ കരയുന്നവരുടെ കണ്ണീര് കാണാതെ മറച്ച മഴയെ എങ്ങനെ മറക്കുവാന്‍.


ഈ വര്‍ഷം ജനവരി 15 ന് (15 January 2011) പകല്‍ സമയം കുവൈറ്റില്‍ മഴ പെയ്തു.  ഇതിലെന്ത് പ്രത്യേകത, ഒരു മഴ പെയ്തു അത്ര മാത്രം. പക്ഷെ കേരളത്തില്‍ നിന്നും വിദേശത്ത് വന്ന, മഴയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരു നല്ല മഴ കാണുവന്‍ ആഗ്രഹിക്കും. 2009 നവംബര്‍ മാസത്തിലാണ് തണുപ്പ് വരുന്നതിനോടു കൂടി ഇവിടെ മഴ പെയ്തത്. കഴിഞ്ഞ വര്‍ഷം 2010 നവംബറില്‍ മഴ കാത്തിരുന്നു, എന്നാല്‍ ആ മാസം പകല്‍ കാലം മഴയൊന്നും കണ്ടില്ല. എന്നാല്‍ ഡിസംബറിലായിരിക്കണം, ചില രാത്രികളില്‍ മഴ പെയ്തു. അങ്ങനെ രാത്രിയില്‍ പെയ്തിറങ്ങിയ മഴയുടെ കൂടെയാണ് ഈ വര്‍ഷം തണുപ്പ് വന്നത്.  പകല്‍ സമയം ഒരു മഴ കാണുവാന്‍  ജനവരി    വരെ കാത്തിരിക്കേണ്ടി വന്നു. കാര്‍മേഘം രാവിലെ ആകാശം മൂടിയെന്ന് കാണുമ്പോള്‍ ഒരു ഫോട്ടോ എടുക്കും. ഇന്നു മഴ വരും തീര്‍ച്ചയായും  എന്ന പ്രതീക്ഷയുമായി ജോലിക്ക് പോകും. പക്ഷെ മഴ മാത്രം വന്നില്ല. ഒരു പക്ഷെ തണുപ്പു കഴിയുന്നതോടു കൂടി ഇവിടെ നല്ലെരു മഴ കാണുമായിരിക്കും. അല്ലെങ്കില്‍ ഇന്നലെ പെയ്ത മഴ തണുപ്പ് കുറയുവാനാണോ, അതോ കൂടുവാനോ, ഇന്ന് തണുപ്പ് കുറവായിരുന്നു. ചൂട് തുടങ്ങുവാനുള്ള സമയം ആയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒക്ടോബര്‍ മാസത്തിന്റെ പകുതി വരെ വളരെ ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയും പകുതിക്ക് ശേഷം നല്ല തണുപ്പുമായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥയെല്ലാം മാറിയിരിക്കുന്നു. മലയാളം വായിക്കുന്നവരും, ലോകത്തിന്റെ പല ഭാഗത്ത് വര്‍ഷങ്ങളായി താമസ്സിക്കുന്ന മലയാളികളും ആ ദേശത്ത് പെയ്യുന്ന മഴ എങ്ങനെയാണ് അനുഭവിക്കുന്നത്. കേരളത്തില്‍ തന്നെ രണ്ടാം നിലയുടെ ബാല്‍ക്കണിയിലിരുന്ന് ആടിയുലയുന്ന മരങ്ങളും അവയിലൂടെ പെയ്ത് ഇറങ്ങുന്ന മഴ കാണുന്നവര്‍. കടയുടെ തിണ്ണയില്‍ ഓടി കയറി പുറത്തേക്ക് നോക്കി മഴ കാണുന്നവര്‍. വീടിന്റെ ജനാലയിലൂടെ മഴ കാണുന്നവര്‍. കിടക്കയില്‍ കിടന്ന് മഴയുടെ താളം ആസ്വദിക്കുന്നവര്‍. അങ്ങനെ എത്രയോ കാഴ്ചകള്‍, അനുഭവങ്ങള്‍.

ഓര്‍മ്മയ്ക്കായി രാവിലെ എടുത്ത ചില ചിത്രങ്ങളും.