Friday, February 22, 2013

ഒരു പ്രവാസിയുടെ ഇതിഹാസം എന്ന നോവലിനെക്കുറിച്ച്




വീട് വിട്ടിറങ്ങുന്നവരില്‍ മിക്കവരും ആകാശത്തിന്റെ വിശാലതയിലേക്ക് പോലും നോക്കുവാന്‍ സാധിക്കാതെ നിലവിളിക്കുന്നത് എന്റെ ദൈവമേ എന്നാണ്. ചിലര്‍ ഏതെങ്കിലും ഒരു ഇസത്തിന്റെ കടും കയറില്‍ കുടുങ്ങും. ചിലര്‍ വലിയ നീയമാവലികളെയെല്ലാം തള്ളി കളഞ്ഞ് സ്വതന്ത്രരായി ജീവിക്കും. ഇവിടെ ഒരു നോവല്‍, അതില്‍ പ്രണയത്തിന്റെയും, സ്ത്രീവര്‍ണ്ണനകളുടെയും, അധികാരത്തിന്റെ ലഹരിയില്‍ മുഴുകിയ ഭരണാധിപന്മാരുടെയും, മദ്യത്തിന്റെയും, ഭക്ഷണത്തിന്റെയും, ചരിത്രത്തിന്റെയും പിന്നെ ജീവിതത്തിന്റെ നിരര്‍ത്ഥതയെക്കുറിച്ചും ഉറക്കെ, സാധാരണ ഭാഷയില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു, "ഒരു പ്രവാസിയുടെ ഇതിഹാസം" എന്ന ബാലഗോപാലന്റെ നോവലില്‍.


വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും കുറിപ്പുകള്‍ കൊണ്ടു സമ്പന്നമായ രണ്ടു പുസ്തകങ്ങള്‍ രചിച്ച ബാലഗോപാലന്റെ പുതിയ പുസ്തകമാണ് ഈ നോവല്‍.

സ്വന്തമായി ഒരു ബിസിനസ്സ് സ്ഥാപനം വികസിപ്പിച്ചെടുത്ത, ബാലഗോപാലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന, ജോണ്‍ മാത്യു സാര്‍ എന്ന് പൊതുവായി എല്ലാവരും വിളിക്കുന്ന അദ്ദേഹം ചെറുപ്പത്തിന്റെ ലഹരി നിറഞ്ഞ കാലത്ത് എഴുതിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഒരു പുസ്തകം എപ്രകാരമായിരിക്കും?, അങ്ങനെ ഒരു ചോദ്യത്തിന് സാധുത ഇല്ലെങ്കില്‍ കൂടിയും.

"കല ആശയവിനിമയത്തിന്റെ ശക്തിയേറിയ ഒരു സങ്കേതമാണ്. ആദിമനുഷ്യന്റെ പരിണാമ പുരോഗതിയെ ആ കലാസ്യഷ്ടികള്‍ രേഖപ്പെടുത്തുന്നു." ബാലഗോപാലന്റെ തന്നെ "പരിണാമം ഇന്നലെ ഇന്ന് നാളെ - മഹാസ്ഫോടനം മുതല്‍ മശിഹാ വരെ" എന്ന പുസ്തകത്തിലെ കലാകാരന്‍ എന്ന അദ്ധ്യായത്തിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്. ഈ പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം "ആദി" എന്നതാണെങ്കില്‍ അവസാനത്തെ അദ്ധ്യായം "മശിഹായുടെ ജനനം" എന്നതാണ്, വിവിധ വിഷയങ്ങളുടെ ആഴങ്ങളെ തൊട്ടു പോകുന്ന, വളരെ രസകരമായി എഴുതിയിട്ടുള്ള കുറിപ്പുകള്‍. രണ്ടാമത്തെ പുസ്തകമാണ് . "മശിഹാ മുതല്‍ അവിസെന്ന വരെ". ഈ പുസ്തകത്തിലും ആദ്യത്തെ അദ്ധ്യായം "പരിത്രാണായ സാധൂനാം" എന്നതാണെങ്കില്‍ അവസാനത്തേത് "തത്ത്വചിന്തകരിലൂടെ" എന്നതുമാണ്.

ബാലഗോപാലന്റെ ഈ രണ്ടു പുസ്തകങ്ങള്‍ പരിചയിച്ചിട്ടുള്ളവര്‍ അദ്ദേഹം എഴുതിയ പുതിയ നോവലും വായിക്കുവാന്‍ താല്പര്യപ്പെടും,
വായിച്ച് വരുമ്പോള്‍ മുഖ്യകഥാപാത്രത്തിന്റെ പ്രേമഭാജനമായ അഫാഫക്ക് എന്തു സംഭവിക്കുമെന്ന
ആകാംക്ഷ, കുവൈത്തില്‍ ആ കാലഘട്ടത്തില്‍ ആളുകള്‍ എങ്ങനെ ജീവിച്ചിരുന്നു എന്നുള്ള അന്വേഷണതല്പരത, എന്നിങ്ങനെയുള്ള ഘടകങ്ങളും ആത്മകഥനരീതിയിലെഴുതിയിരിക്കുന്ന ഈ നോവല്‍ വായിച്ച് തീര്‍ക്കുവാന്‍ പലരെയും നിര്‍ബന്ധിക്കും, തീര്‍ച്ചയായും.
കുവൈത്തില്‍ 1962 -ല്‍ ദിനാറിന് പതിമൂന്ന് രൂപായുള്ള കാലം മുതല്‍ 1990 വരെയുള്ള പൊതുചരിത്രവും ഇഴചേര്‍ന്നിരിക്കുന്നു 320 പേജുകളുള്ള ഈ നോവലില്‍.

യുദ്ധവും കൊലയും നടക്കുന്നത് അവര്‍ തന്നെ ഏതെങ്കിലും ആശയത്തിന്റെ, വികാരത്തിന്റെ ഇരയായി, അടിമയായി തീരുമ്പോഴാണ് എന്ന് പൊതുവായി പറയാം. സദ്ദാം ഏത് ആദര്‍ശത്തിന്റെ, ഏത് രീതിയിലുള്ള അധികാര ലഹരിയുടെ ഇരയായിരുന്നു എന്ന് ഈ പുസ്തകത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും ഇങ്ങനെയെല്ലാം വായനക്കാരനെ ഓര്‍മ്മപ്പെടുത്തുന്നു. "തന്റെ ജനങ്ങളെ മുഴുവന്‍ പട്ടിണിയിലും ദുരിതത്തിലും ഇട്ട് നശിപ്പിക്കുന്ന ഏറ്റവും ക്രൂരനായ ഒരു സ്വേച്ഛാധിപതി. ഹിറ്റ്ലറുടെ കുതന്ത്രങ്ങള്‍ അതെപടി നടപ്പാക്കുകയാണ് സദ്ദാം. കള്ളം പറയുക, ഉറക്കെ പറയുക, ആവര്‍ത്തിച്ച് പറയുക, ജനങ്ങള്‍ അത് വിശ്വസിക്കുന്നത് വരെ പറയുക."

വെറൊരിടത്ത് ഇപ്രകാരം,

"കുര്‍ദികള്‍ക്കും, ഷിയാകള്‍ക്കും അര്‍ഹമായ അംഗികാരവും, അധികാരവും കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. പകരം കൊടുത്തത് കുര്‍ദ്ദികളുടെയും, ഷിയാകളുടെയും നേര്‍ക്ക് വിഷവാതക പ്രയോഗവും, കൂട്ട നരഹത്യയും ആയിരുന്നു. സ്റ്റാലിന്റെ അതെ നയം തന്നെ. സദ്ദാമിന്റെ ധൂര്‍ത്ത് കൊണ്ട് ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ വൈദ്യസഹായമില്ലാതെ മരിച്ചുവീണു. ഒരു തലമുറയ്ക്ക് മുഴുവന്‍ പുസ്തകങ്ങള്‍ക്ക് പകരം തോക്ക് കൊടുത്തു. വരാനുള്ള പല തലമുറകളുടെ തലയിലും എടുത്താല്‍ പൊങ്ങാത്ത കടഭാരം കയറ്റി വച്ചു."

സദ്ദാം മരിച്ചപ്പോള്‍ ബന്ദ് നടത്തിയ പ്രീയനാട്ടുകാരെയും ഈ പുസ്തകവായന ഓര്‍മ്മപ്പെടുത്തും, പിന്നെ ഇങ്ങനെയുള്ള വിവിധ കപട്യത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ജനങ്ങളെ നിരന്തരം പറ്റിക്കുന്ന ചീഞ്ഞ കക്ഷിരാക്ഷ്ട്രീയക്കാരെയും ഈ പുസ്തകം നേരിടും. നോക്കു, നമ്മുടെ എംബസിയെക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ അഭിപ്രായം എങ്ങനെയായിരുന്നുവെന്ന്.

ഇറാക്ക് കുവൈത്തിനെ കീഴടക്കിയപ്പോള്‍ " കുവൈത്തില്‍ ഏറ്റവും ആദ്യം അടച്ച് പൂട്ടിയത് ഇന്ത്യന്‍ എംബസി ആയിരുന്നു. മറ്റുള്ള എംബസികള്‍ സെപ്തംബറിലാണ് അടച്ചത്. ഇന്ത്യന്‍ അംബാസഡറും സംഘവും ബസ്രയിലേക്ക് കുടിയേറി. അംബാസഡര്‍ ബസ്രയിലെ ഷെറാട്ടണ്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സസുഖം വാണരുളുകയായിരുന്നുവല്ലോ".

യുദ്ധത്തില്‍ എതിരായി വരുന്നവരും രാക്ഷ്ട്രങ്ങള്‍ നിര്‍മ്മിച്ചെടുത്ത നമ്മളെ പോലുള്ള സാധാരണ മനുഷ്യരാണ്. വളരെ ചുരുക്കം യുദ്ധങ്ങളില്‍ കൂലി പട്ടാളക്കാരും കാണും. നാട്ടില്‍ പ്രകടനയുദ്ധം നടക്കുമ്പോള്‍ കൂലിക്ക് ആളുകളെ വിളിക്കുന്നത് പോലെ അവര്‍ എത്തുകയായിരുന്നു. ഇറാക്കില്‍ നിന്നും യുദ്ധത്തിന് വന്നപ്പോഴും അപ്രകാരമാണ് സംഭവിച്ചത്.

"ഞാന്‍ ജനലിലൂടെ താഴേയ്ക്ക് നോക്കിയപ്പോള്‍ ആയുധധാരികളായ ഇറഖി പട്ടാളക്കാരാണ് ചുറ്റും. പട്ടാളക്കാരെന്ന് പറഞ്ഞു കൂടാ. എകെ 47 പിടിച്ച് നില്‍ക്കുന്ന കുട്ടികള്‍, യൂണിഫോമും തൊപ്പിയുമുണ്ട്. പക്ഷെ ഷൂസിന് പകരം വള്ളിചെരുപ്പുകളാണ്". ഇങ്ങനെയുള്ള ആഡംഭരമില്ലാത്ത എഴുത്തുരീതിയിലൂടെ, പല നിര്‍വചനങ്ങളിലൂടെ സ്വയം ഈ ക്യതി ഒരു കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു.

പുസ്തക താളുകളില്‍ നിന്നും ചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഏടുകളില്‍ നിന്നും നമ്മള്‍ ഈ ചരിത്രത്തിന്റെ ഭാഗമായി തീരുന്നത് ടൊയോട്ട സണ്ണിയെന്ന കഥാപാത്രത്തെയും ഇപ്പോഴും ജീവിക്കുന്ന അദ്ദേഹത്തെയും ഒരുപോലെ കണ്ടെത്തുമ്പോഴാണ്.

ആദ്യകാലത്ത്, കുമ്പനാട്ട് മെസ്സ്, കോഴജ്ജേരി മെസ്സ്, മല്ലപ്പള്ളി മെസ്സ്, കുമ്പഴ മെസ്സ് അങ്ങനെ കുറെ മെസ്സുകളുണ്ടായിരുന്നു. ഒരു പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള എഴുത്തുകാരന്റെ ചരിത്രതെറ്റുകളല്ല ഇവിടെ കാണുന്നത്. ആ ജില്ലയില്‍ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. മലയാളികള്‍ക്കെല്ലാം ഇറ്റലിയില്‍ നിര്‍മിച്ച ഫിയറ്റ് കാറുകളുള്ള കാലം, ഗ്രെമക്കന്‍സിയുടെ കള്ളുഷാപ്പില്‍ നിന്നും കാര്‍ഡുണ്ടെങ്കില്‍ മദ്യം വാങ്ങാവുന്ന കാലവും. ഇപ്പോള്‍ കുവൈത്തില്‍ ജീവിച്ചിരിക്കുന്ന പുതിയ വരവുകാര്‍ക്ക് അങ്ങനെയുള്ള ഒരു കാലം പുതിയ അറിവാണ് സമ്മാനിക്കുന്നത്.

1962 ആഗസ്റ്റ് മാസം മൂന്നാം വാരത്തില്‍ കുവൈത്തില്‍ രണ്ടു കൂട്ടുകാരുമായി കപ്പലിറങ്ങിയ ഇരുപതുകാരന്റെ കഥയില്‍ തുടങ്ങുന്ന നോവല്‍ ചരിത്രത്തെയും അധികാരത്തെയും ജീവിതവ്യര്‍ത്ഥതയും തൊടുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന മലയാളത്തിലെ ആദ്യ ചരിത്രനോവലിനെയും മറക്കുന്നില്ല.

മുഖ്യ കഥാപാത്രത്തിന്റെ ഗ്രാമത്തില്‍ ഒരു ജന്മിയുണ്ടായിരുന്നു ഗോവിന്ദക്കുറുപ്പ്. കുടുക്കയും കുഴലുമുള്ള ഒരു സാധനത്തില്‍ കഞ്ചാവും ചുക്കയും നിറച്ച് വലിക്കുന്ന ഇയാള്‍ ഒരിക്കല്‍ പറഞ്ഞു. "നീ സി. വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ടവര്‍മ്മ വായിച്ചിട്ടുണ്ടോ? അതിനകത്ത് പറഞ്ഞിട്ടുണ്ടടാ ഉണ്ടപ്പാരത്തെക്കുറിച്ച്. അത് കഞ്ചാവ് ലേഹ്യമാ".

"ആദിമനുഷ്യന്‍ മുതലെ ലഹരി മനുഷ്യന്റെ ആനന്ദമാണ്. കറുപ്പും, കഞ്ചാവും, ചാരായവും എന്നുമെന്നും മനുഷ്യന്‍ ഉപയോഗിച്ചിരുന്നു. മദ്യവും വേശ്യാവ്യത്തിയും നീയമം കൊണ്ട് തടയാന്‍ സാധ്യമല്ല എന്ന് ചര്‍ച്ചില്‍ പറഞ്ഞത് വാസ്തവം തന്നെ" എന്ന് ഒരിടത്ത് പറയുന്നു. ഈ പുസ്തകത്തിന്റെ പ്രസക്തമായ വാക്യം എന്ന നിലയില്‍ അതിനെ ഉറപ്പിച്ച് വേറൊരിടത്ത് ഇപ്രകാരം പറയുന്നു "ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് വിഡ്ഡികള്‍ മാത്രമേ ഇവയെ നീയമം കൊണ്ടെതിര്‍ക്കാന്‍ ശ്രമിക്കുകയുള്ളു എന്ന്". " എന്നുവെച്ചാല്‍ നെതര്‍ലാന്‍ഡ്സ് ഒഴിച്ചുള്ള മുഴുവന്‍ സര്‍ക്കാരുകളും വിഡ്ഢികളുടെ സര്‍ക്കാരെന്നോ?" എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.

ജീവിതത്തിന്റെ നിരര്‍ത്ഥതയെക്കുറിച്ച് പുസ്തകം ഇങ്ങനെയെല്ലാം ചിന്തിക്കുന്നു. പുസ്തകത്തിന്റെ പൊതുസ്വഭാവം അടയാളപ്പെടുത്തുന്ന രീതിയില്‍ അതിനെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു.

"അമ്മയുടെ ഉദരത്തില്‍ നിന്നും ശവക്കല്ലറയിലേക്ക് എന്ന് അറബിയില്‍ ഒരു പഴഞ്ചൊല്ലുണ്ട്. അതിന്റ് ഇടക്കുള്ള കാലം പരിഗണനാര്‍ഹമല്ല. ആ കാലംകൊണ്ട് ഒന്നും നേടിയിട്ടുമില്ല, കഷ്ടതകള്‍ മാത്രം. അമ്മയുടെ ഉദരത്തില്‍ സുഖവാസമായിരുന്നു. ശവക്കല്ലറ കഷ്ടതകളില്‍നിന്നുള്ള വിടുതലും. നേടിയെന്ന് നെഗളിച്ച് നടക്കുന്നവരും ജീവിതാന്ത്യത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നും നേടിയിട്ടില്ല എന്ന് ബോധ്യമാകും. ആ നിരാശ ബോധം ശവക്കല്ലറയെ അനുഗ്രഹമായിട്ടോ, വിടുതലായിട്ടോ കാണും."

ഇങ്ങനെയും,

"നിരര്‍ത്ഥകമായ ഒരു പ്രവാസ ജീവിതം. അല്ലെങ്കില്‍ ഏത് ജീവിതത്തിനാണര്‍ത്ഥം. അറബിഭാഷയിലെ ഒരു പഴഞ്ചൊല്ല് ഞാനോര്‍ത്തു. അമ്മയുടെ ഉദരത്തില്‍ നിന്നും ശവക്കല്ലറയിലേക്ക്"

പ്രവാസികളുടെ രണ്ടാം തലമുറയിലേക്ക് നീളുന്ന വ്യര്‍ത്ഥതകള്‍ ഇങ്ങനെ കുറിച്ചിടപ്പെട്ടിരിക്കുന്നു.

മനോജ്കുമാര്‍ ചാക്കോ എന്ന കഥാപാത്രം ഒരു രണ്ടാം തലമുറ പ്രവാസിയാണ്, "മാതാപിതാക്കളോടോ, നാടിനോടോ, നാട്ടുകാരോടോ, കൂട്ടരോടോ ഒരു കൂറും കടപ്പാടുമില്ലാത്ത ഒരു സര്‍വ്വതന്ത്രസ്വതന്ത്രനായ വ്യക്തി. കടപ്പാടുകളും കെട്ടുപാടുകളും ഇല്ല". അവന്റെ ഓര്‍മ്മകളില്‍ നിന്നും ഒരു ഭാഗം ഇപ്രകാരമാണ്.

"എന്റെ പപ്പയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ്. അന്നു മുതല്‍ ഞാന്‍ മദ്യത്തെ വെറുത്തു. ..... മദ്യത്തെ വെറുത്തതു പോലെ നിയമങ്ങളെയും ഞാന്‍ വെറുത്തു. മനുഷ്യന്‍ മ്യഗങ്ങളെപ്പോലെയും, പക്ഷികളെപ്പോലെയും, മത്സ്യങ്ങളെപ്പോലെയും സ്വതന്ത്രനാണ്. നിയമങ്ങളുടെ ഇരുമ്പഴികള്‍ക്കുള്ളില്‍ ഹോമം ചെയ്യാനുള്ളതല്ല മനുഷ്യജീവിതം"

അപ്പനും അമ്മയും കുവൈത്തില്‍ നിന്ന് ബോര്‍ഡിംഗിലയച്ച് പഠിപ്പിച്ച് വളര്‍ത്തിയ മനോജ്കുമാര്‍ ചാക്കോ തന്റെ സ്വന്തം അപ്പനും അമ്മയും സമ്പാദിച്ചതെന്നും വേണ്ടായെന്നും പറഞ്ഞ് നില്‍ക്കുന്നത് നെതര്‍ലാന്‍ഡിലാണ്. അദ്ദേഹത്തെ തേടി ചെല്ലുന്ന മുഖ്യ കഥാപാത്രത്തിന്റെയും അഫാഫ് എന്ന അദ്ദേഹത്തിന്റെ കാമുകിയുടെയും "ബോധമനസ്സുകള്‍ ഒന്നിച്ച് ലയിച്ച് ചേര്‍ന്നിരിക്കുകയാണ്. ശിവപാര്‍വ്വതിമാരെപ്പോലെ" യായിരുന്നു അപ്പോള്‍.

നോക്കു, എന്താണ് ചുറ്റുപാടും നടക്കുന്നതെന്താണെന്ന്, "സദ്ദാമിന്റെ ഇറാഖിലും, മുബാരക്കിന്റെ ഈജിപ്തിലും, ആസാദിന്റെ സിറിയയിലും, ഗദ്ദാഫിയുടെ ലിബിയയിലും, ബിന്‍ആലിയുടെ ടുണീഷ്യയിലും എല്ലാം ഏകാധിപതികള്‍ ജനങ്ങളുടെ സകല അവകാശങ്ങളും കവര്‍ന്നെടുത്ത് ഭീകരത അഴിച്ചുവിട്ട് ഭരണം നടത്തുകയാണ്"

മുഖ്യകഥാപാത്രത്തിന്റെ മനസ്സില്‍ പ്രണയത്തിന്റെ അഗ്നി കൊളുത്തിയ അഫാഫ് എന്ന ലെബാനോനിലെ മാറേനൈറ്റ് വിഭാഗത്തില്‍ ജനിച്ച സുന്ദരി, അവള്‍ സദ്ദാമിന്റെ മകന്‍ ഉദ്ദയും പങ്കെടുക്കുന്ന ഒരു പാര്‍ട്ടിയില്‍ ചെല്ലുന്നു, പുസ്തകത്തില്‍ ഇപ്രകാരം.

"ഇറാന്‍ ഇറാക്ക് യുദ്ധം തീര്‍ന്നതിന്റെയും, ഇറാഖ് ജയിച്ചതിന്റെയും ആഘോഷങ്ങള്‍ സെപ്റ്റംബറിലെ തുടങ്ങിയിരുന്നു. 88 - ലെ ക്രിസ്തുമസും 89- ലെ നവവത്സരദിനവും പ്രത്യേക ആഘോഷങ്ങള്‍ നടത്താന്‍ പ്രസിഡന്റ് തീരുമാനിച്ചു. ബാഗ്ദാദിലെ എല്ലാ ഹോട്ടലുകളിലും വമ്പിച്ച പാര്‍ട്ടികള്‍. ഉദ്ദയ് ആണ് പ്രസിഡന്റിന്റെ പ്രതിനിധി. ക്ഷണക്കത്തുകളെല്ലാം പോകുന്നത് ഉദ്ദയിന്റെ പേരിലാണ്. .... അച്ചനും കൊച്ചമ്മയും അഫാഫുമ് ക്ഷണിക്കപ്പെട്ടിരുന്നത് മാലിക് ഹോട്ടലിലേക്കായിരുന്നു"

"ഞാനും കൊച്ചമ്മയും അഫാഫും എല്ലാം ഡാന്‍സില്‍ പങ്ക് കൂടി. ഒരു പത്ത് മണി ആയപ്പോഴെക്കും ഉച്ചത്തിലുള്ള കയ്യടിയും, ജെയ് വിളിയും, സ്ത്രീകളുടെ കുരവയും മുഴങ്ങി. ഉദ്ദയും അംഗരക്ഷകരും വന്ന് കയറിയതിന്റെ ബഹളമായിരുന്നു അത്" "അപ്പോഴാണ് അഫാഫ് അയാളുടെ കണ്ണില്‍ പെട്ടത്. ന്യത്തത്തിന് ക്ഷണിച്ചു."

രണ്ടു ദശാബ്ദങ്ങളിലേക്ക് നീളുന്ന, വിവാഹം എന്ന ചടങ്ങ് നടക്കാത്ത പ്രണയം, വിവാഹം എന്ന അര്‍ത്ഥശൂന്യമായ ചടങ്ങിന്റെ നിരര്‍ത്ഥതതയും ഇപ്രകാരം

"അച്ചോ, ഞാനും അഫാഫും പ്രണയത്തിലായിട്ട് രണ്ടു ദശാബ്ദങ്ങളിലേറെയായി. ഞങ്ങള്‍ വെറും കാമുകികാമുകന്മാരല്ല. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. വിവാഹം എന്ന അര്‍ത്ഥശൂന്യമായ ഒരു ചടങ്ങ് നടത്തിയിട്ടില്ല എന്നു മാത്രം."

ഒരു ഏകാധിപതി ഭരിക്കുന്ന രാജ്യത്തിന്റെയും അതിന്റെ സ്വഭാവവും ഇങ്ങനെ.

"ഒരു സ്വതന്ത്രരാഷട്രമായ, പ്രതിരോധശേഷിയില്ലാത്ത കൊച്ചു കുവൈറ്റിനെ ആക്രമിച്ചു നശിപ്പിക്കുകയാണവര്‍. അങ്ങനെയുള്ളവരുടെ കയ്യില്‍ ഒരു പാവം പെണ്‍കുട്ടിക്ക് എന്താണ് രക്ഷ?".



നോക്കു, മദ്യവും ഭക്ഷണവും പ്രവാസ യാത്രയില്‍ ഇപ്രകാരമെല്ലാം കൂട്ടിനുണ്ടായിരുന്നു.

"നമ്പ്യാരുടെ ശേഖരത്തില്‍ നിന്നും ഞാന്‍ ചെന്ന് 24 വയസ്സ് പ്രായമുള്ള ഒരു ഗ്ലെന്‍ മൊറെന്‍ജെ - ഒന്നാംതരം മാള്‍ട്ട് വിസ്കി - എടുത്തു. രണ്ട് ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ ഓരോ പട്യാലാ പെഗ്ഗ് ഒഴിച്ചു. സിങ്കിള്‍ മാള്‍ട്ട് വിസ്കി കുടിക്കണ്ട മാതിരി തന്നെ വെള്ളവും ഐസുമൊന്നുമില്ലതെ കുടിച്ചുകൊണ്ട് സംസാരത്തില്‍ മുഴുകി".

പരിണാമം ഇന്നലെ ഇന്ന് നാളെ എന്ന ക്യതിയില്‍ ബാലഗോപാലന്‍ ഇപ്രകാരം പറയുന്നു. സോമവും കുതിരയിറച്ചിയും എന്ന അദ്ധ്യായത്തില്‍ "ആല്‍ക്കഹോളും ആല്‍ക്കലോയിഡുകളുമാണ് മനുഷ്യനെ ലഹരി പിടിപ്പിക്കുന്ന രണ്ട് രാസവസ്തുകള്‍. ചാരായം വളരെ ലഘുവായ ഒരു തന്മാത്രയാണ്. രണ്ട് കാര്‍ബണും ആറ ഹൈഡ്രജനും ഒരു ഓക്സിജനും കൂടിച്ചേര്‍ന്ന ഒരു തന്മാത്ര. കള്ളിലോ ബീറിലോ വിദേശമദ്യങ്ങളിലോ അടങ്ങിയിരിക്കുന്ന രാസവസ്തു ഇതാണ്."

നോവലും ലഹരി പദാര്‍ത്ഥങ്ങളെ ഓര്‍ക്കാതിരിക്കുന്നില്ല.

"ആര്യന്മാര്‍ സോമരസം കുടിച്ചു, ചൈനക്കാര്‍ കറുപ്പ് തിന്നു, സിന്ധു-ഗംഗാ സമതലങ്ങളില്‍ ഭാംഗ് കഴിക്കുന്നു, യെമനില്‍ കാട്ട് കഴിക്കുന്നു. കേരളത്തില്‍ കള്ള് കുടിക്കുന്നു"

ഭക്ഷണത്തിന്റെ വിവരണങ്ങള്‍ ഇപ്രകാരമെല്ലാം ഉയരുന്നു.

"ലബനോന്‍കാര്‍ വീമ്പിളക്കുന്നത് അവരാണ് ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരെന്നാണ്. ലബനോന്റെ മെഡിറ്ററേനിയന്‍ തീരവും, ക്യഷിസ്ഥലങ്ങളും, പര്‍വ്വതങ്ങളും ഏറ്റവും നല്ല മീനിനും, ഇറച്ചിക്കും, പച്ചക്കറികള്‍ക്കും പറ്റിയ സ്ഥലമാണ്. കാലവസ്ഥയും വളരെ അനുകൂലമാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ട് അവരുടെ പാചകകലയ്ക്ക്"

"നാലോ അഞ്ചോ കിലോ ഭാരം വരുന്ന എട്ട് മീനാണ് മേശപ്പുറത്തുള്ളത്. പച്ചിലകളും തക്കാളി മുറിച്ചതും, സവാള മുറിച്ചതും, പലതരം ഉപ്പിലിട്ടവയും ഒരു സദ്യയ്ക്കാവശ്യമുള്ളത്ര. ബിരിയാണിയും ഉണ്ട്. ഇരുപത് ആളുകള്‍ക്കെങ്കിലും വയറു നിറച്ച് കഴിക്കാവുന്നത്ര ആഹാരം മേശപ്പുറത്തുണ്ട്. മീനിന്റെ ചെതുമ്പലുകളും കുടലും പണ്ടവും എല്ലാം കളഞ്ഞിട്ടുണ്ട്. പുറത്തും അകത്തും പച്ച നിറത്തിലുള്ള അരപ്പ് തേച്ചു പിടിപ്പിച്ചിട്ടുണ്ട്. ഖുബ്ബൂസ് ഉണ്ടാക്കുന്ന ബോര്‍മ്മയില്‍ കൊടുത്തയച്ച് പൊള്ളിച്ചിരിക്കുകയാണ്. ഇത്രയും രുചിയുള്ള മീന്‍ ഞാന്‍ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടില്ല" "നഗരൂര്‍ എന്നാണ് ഈ മീനിന്റെ പേര്. ടൈഗ്രീസും യുഫ്രട്ടീസും ചേര്‍ന്ന് ഷത്-അല്‍-അറബ് എന്ന മഹാനദിയായി ബസ്രയില്‍കൂടി ഒഴുകി കുവൈറ്റ് ഉള്‍ക്കടലില്‍ വീഴുന്നിടത്തു നിന്ന് പിടിക്കുന്ന നഗരൂറാണിത്. അവിടെ നിന്നും പിടിക്കുന്ന നഗരൂറിനാണ് ഏറ്റവും രുചി."

ഇങ്ങനെയെല്ലാം മദ്യവും ഭക്ഷണവും അധികാരവും രതിയും ചരിത്രത്തില്‍ കോര്‍ത്തു തുന്നിയ ഒരു പ്രവാസിയുടെ ഇതിഹാസം കുവൈത്തിലും പരിചയപ്പെടുത്തുന്നു ഈ മാസം 24 ന് അബ്ബാസിയായിലുള്ള ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വൈകിട്ട് ആറു മണിക്ക്. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ സക്കറിയ ചടങ്ങില്‍ സംസാരിക്കുന്നു.

ഇത് ഒരു നിരൂപണമല്ല, ചെറിയ ഒരു അവലോകനം മാത്രം

Monday, January 14, 2013

ജീവിത പ്രഹേളികയില്‍ റ്റോമും ജെറിയും


റ്റോം ആന്‍ഡ് ജെറിയെ കണ്ടതും സാബു റ്റീവിയുടെ ചാനല്‍ മാറ്റി കൊണ്ടിരുന്നത് നിര്‍ത്തി. എടാ അനിലെ റ്റോം ആന്‍ഡ് ജെറി, വാടാ കാണാം, അവന്‍ അനിലിനെയും വിളിച്ചു. പ്രായം ഇത്രയായെങ്കിലും ഇപ്പോഴും അവര്‍ക്ക് ഈ കാര്‍ട്ടൂണ്‍ പ്രീയപ്പെട്ടതാണ്.


എടാ അനിലെ നമ്മുടെ സതീഷിന്റെ തലച്ചോറിലും ടോക്സോപ്ലസ്മാ കൊണ്ടിയോയെ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ടോക്സോപ്ലസ്മാ കൊണ്ടിയോയെ സതീഷിന്റെ തലച്ചോറില്‍ കയറി അവനെ നീയന്ത്രിച്ചതാണ്, അല്ലാതെ നീ വിചാരിക്കുന്നത് പോലെ മരണത്തെ ഭയമില്ലാത്ത അവന്റെ ഉന്നതിയിലെത്തിയ ഫിലോസഫിയും യുക്തിയും നിറഞ്ഞ തലച്ചോറിന്റെ അവസ്ഥയല്ല.

അനില്‍ ഒന്നും തന്നെ പറയാതെ റ്റീവിയില്‍ നോക്കിയിരുന്നു.

എടാ നിനക്കറിയാമോ, ഈ ടോക്സോപ്ലസ്മാ കൊണ്ടിയോയെ എന്നതിന്റെ പുനരുല്പാദനം നടക്കുന്നത് പൂച്ചയുടെ വയറ്റിലാണ്. അത് അങ്ങനെ വീണ്ടും പൂച്ച കാഷ്ഠത്തിലൂടെ പുറത്ത് വരുന്നു. അതിന്റെ അവശിഷ്ടങ്ങളാല്‍ മലിനപ്പെട്ട വെള്ളമോ ഭക്ഷണമോ എലി കഴിക്കുമ്പോള്‍ എലിയില്‍ അവന്‍ കടക്കുന്നു. എലിയില്‍ കടക്കുന്ന ഈ പാരാസൈറ്റ് പിന്നീട് വസിക്കുന്നത് എലിയുടെ അമിഗഡലാ എന്ന ഭാഗത്താണ്. ആ ഭാഗത്താണ് പേടിയുടെയും മറ്റു വികാരങ്ങളടെയും പ്രക്രീയകള്‍ നടക്കുന്നത്. എന്നാല്‍ എലിയുടെ തലച്ചോറില്‍ അത് കയറിയാല്‍ പൂച്ചയെ പേടിക്കുകയില്ലത്രേ. എലിയെ തിന്നുന്ന, ശത്രുവായ പൂച്ചയെ പേടിക്കാതെ അത് അങ്ങനെ നടക്കും.

എന്നാല്‍ ഈ പാരാസൈറ്റ് ഒരുവനില്‍ കയറുകയാണെങ്കില്‍ അവന് പേടിയില്ലാത്ത, അപകടം മുമ്പില്‍ കണ്ടാല്‍ പോലും പെട്ടെന്ന് പ്രതികരിക്കാത്ത അവസ്ഥയുണ്ടാകുമത്രേ.

ബാംഗ്ലൂരിലെ എണ്‍പതുകളുടെ അവസാന കാലം, ചുവന്ന യമഹാ ബൈക്കുകള്‍ക്ക് മാത്രം അവിടെ അക്സിഡന്റുകള്‍ നടക്കുന്നുവോ എന്ന സംശയം യുവാക്കള്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ച സമയം. സതീഷിന് പക്ഷെ അന്ന് ചുവന്ന ബൈക്ക് തന്നെ വേണമായിരുന്നു. അവന്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ അങ്ങനെയുള്ള ബൈക്ക് തന്നെ തിരഞ്ഞെടുത്തു.

നീ ഓര്‍ക്കുന്നുണ്ടോ അന്ന് നമ്മള്‍ എം ജി റോഡില്‍ സിനിമാ കാണുവാന്‍ പോയത്. അന്ന് നീ അവിടെ വരുകയായിരുന്നു. ദി അണ്‍ടച്ചബള്‍സ് ആയിരുന്നു അന്ന് കണ്ട സിനിമ.

ഞാനും സതീഷും ഒരുമിച്ചാണ് അവിടെ വന്നത്. സതീഷ് ബൈക്ക് ഓടിക്കുകയാണ് പുറകില്‍ ഞാനും, സതീഷെ വേഗം കുറക്കണമേ. അവന്‍ വേഗം കുറക്കുക മാത്രമല്ല. അപകടത്തെക്കുറിച്ച് ഒരു പേടിയും ഇല്ലാത്തതു പോലെയായിരുന്നു അവന്റെ യാത്ര. അന്നും, പിന്നീട് പലപ്പോഴും ഞാന്‍ തീരുമാനിച്ചതാണ് ഇവന്റെ കൂടെ ഞാന്‍ ഒരിക്കലും ബൈക്കില്‍ പോകുകയില്ല എന്ന്. പിന്നെ മിക്കപ്പോഴും അങ്ങനെയല്ലേ, എല്ലാവരും കൂടിയിരിക്കുമ്പോള്‍ പെട്ടെന്നല്ലെ തീരുമാനങ്ങള്‍ എടുക്കുന്നത്. ഒന്നുകില്‍ സിനിമാ, പിന്നെ ബൈക്കില്‍ കറങ്ങല്‍, ലിഫ്റ്റ് ചോദിക്കുന്ന പെണ്‍കുട്ടികള്‍, പിന്നെ ചിലര്‍ക്ക് ചീട്ട് കളി.

എണ്‍പതുകളുടെ അവസാനം ഗാമാ ഡിസൈന്‍സ് എന്ന കമ്പ്യൂട്ടര്‍ ഡിസൈന്‍ സ്ഥാപനം നടത്തി കൊണ്ടിരുന്ന ഏറ്റവും ആദരണീയനായ, ഇന്‍ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ കംപ്യൂട്ടര്‍ വിദദ്ധനായ സതീഷിനെക്കുറിച്ചാണ് സാബു പറഞ്ഞത്.

നീ എന്തു കൊണ്ടാണ് ഇങ്ങനെയൊക്കെ ഒരു പാരാസൈറ്റിന് എടുത്ത് അവനെ അപമാനിക്കുന്നത്. അത് എലിയുടെ തലച്ചോറിനെ നീയന്ത്രിച്ചാല്‍ മതി. അവനെ പോലെയുള്ള ഒരു ജീനിയസ്സിനെ നീയന്ത്രിക്കേണ്ട കാര്യമില്ല. അനില്‍ അവനോട് എതിര്‍ത്ത് പറഞ്ഞു.

അവനെ നീയന്ത്രിക്കെണ്ടാന്നോ, എല്ലാ മനുഷ്യരെയും ആരെങ്കിലും, എന്തെങ്കിലും ഒക്കെ നീയന്ത്രിച്ച് കൊണ്ടെയിരിക്കും, പ്രത്യേകിച്ച് നിന്നെ പോലെ മിക്ക സമയവും പുസ്തകങ്ങളില്‍ തല മുഴുകിയിരിക്കുന്നവരെ.

എടാ ഒരു പക്ഷെ ഈ ടോക്സോപ്ലസ്മാ കൊണ്ടിയോയെ ബാധിച്ചത് അന്നേകം മലയാളികളെയായിരിക്കണം.

ഓ. വി. വിജയന്റെ അരികില്‍ ഇരിക്കുന്ന പൂച്ചയെ ഓര്‍ക്കുന്നുണ്ടോ?. വിജയനും പൂച്ചയും. പണ്ട് പാരീസിലും ലണ്ടനിലും കവികളും ഇടത്തു പക്ഷ എഴുത്തുകാരും ഒക്കെ പൂച്ചകളെ സ്നേഹിക്കുവാന്‍ തുടങ്ങിയതിന്റെ പരിണിത ഫലം, സ്കിറ്റ്സോഫ്രോന്യ പടര്‍ന്നു തുടങ്ങിയ കാലം.

നീ പോടാ, അതിനു മുമ്പു തന്നെ നാട്ടില്‍ പൂച്ചകളെ വളര്‍ത്തുവാന്‍ തുടങ്ങിയിരുന്നു. പിന്നെ പൂച്ച രോമം ഉള്ളില്‍ പോയാല്‍ ഭ്രാന്ത് പിടിക്കുമെന്ന് പണ്ടുള്ളവര്‍ പറഞ്ഞത് വെറുതെയായിരുന്നോ?.

ഒരു പക്ഷെ,  അതിനും മുമ്പ് ഒരാള്‍ ഉണ്ടായിരുന്നു ലൂയിസ് വെയിന്‍. അയാളുടെയും പടം വരക്കുന്ന മേശയുടെ അരികിലിരിക്കുന്ന പൂച്ചയുടെയും ചിത്രം കണ്ടിട്ടുണ്ടോ?. ധാരാളം പൂച്ചകളുടെ പടം അയാള്‍ വരച്ച് കൂട്ടി. അന്ത്യ കാലഘട്ടങ്ങളില്‍ അദ്ദേഹത്തെ സ്കിറ്റ്സോഫ്രോന്യ അലട്ടിയിരുന്നു.

അപ്പോഴാണ് ഒരു ഫോണ്‍ വന്നത്.

സംയുക്തയാണ് വിളിക്കുന്നത്. അവളെ ചെറുപ്പം മുതലെ സാബുവിന് അറിയാം സ്കൂളില്‍ പോകുമ്പോള്‍ അന്ന് പ്രൈവറ്റ് ബസ്സില്‍ പൊകുവാന്‍ ഇരുപത് പൈസാ മതി, നാല്‍പത് പൈസാ ഒരു ദിവസം വേണം, അതില്‍ കൂടുതല്‍ അവള്‍ ഒരു പൈസാ ചിലവാക്കുകയില്ല. ഒരു മിഠായി പോലും വാങ്ങിക്കുകയില്ല. ഇതു പോലെ വെറും പാവമായ ഒരു കൊച്ചിനെ ഞാന്‍ കണ്ടിട്ടില്ല.

സാബു, അയാള്‍ എനിക്കൊരു ഐ ഫോണ്‍ വാങ്ങി തന്നിരുന്നു, നിനക്ക് ഇഷ്ടപ്പെട്ടാ ഫോണല്ലെ എന്നൊക്കെ പറഞ്ഞ്. ഇപ്പോള്‍ അത് എടുത്ത് അലമാരയില്‍ പൂട്ടി വെച്ചിരിക്കുകയാണ്. നിനക്കിതിന്റെ ആവശ്യമില്ല എന്നാണ് പറയുന്നത്. പിന്നെന്തിനാണ് അയാള്‍ അത് വാങ്ങി തന്നത്. വീട്ടിലെ ഫോണില്‍ നിന്നും ഞാന്‍ മിക്കപ്പോഴും ഒരു കൂട്ടുകാരിയെ വിളിക്കും, ഇപ്പോള്‍ അതും കട്ട് ചെയ്യുമെന്നാണ് പറയുന്നത്. എന്തു കൊണ്ടാണ് അയാള്‍ ഇങ്ങനെ പെരുമാറുന്നത്. വീട്ടില്‍ ഇതു വരെ സഹായത്തിന് ആരും ഇല്ലായിരുന്നു. ആരും വേണ്ടാ എന്നാണ് അയാള്‍ പറയുന്നത്. ഈയിടെയാണ് ഒരു സ്ത്രീയെ കിട്ടിയത്. എത്ര നാള്‍ അയാളുടെ കാലു പിടിച്ചിട്ടാണ് അതു സമ്മതിച്ചത്. അത് ഇപ്പോള്‍ എനിക്ക് വളരെ ആശ്വാസമാണ്. ജോലി കഴിഞ്ഞ് വന്നിട്ട് അടുക്കളയിലെയും മറ്റു ജോലികളും എല്ലാം കൂടി നടക്കില്ല. എപ്പോഴും ശകാരം, എന്തിനും അയാള്‍ ഒരു കുറ്റം കണ്ടു പിടിക്കും, ഒന്നും തിരിച്ച് പറയുവാന്‍ സമ്മതിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ തല്ലും. അയാളുടെ മുമ്പില്‍ വച്ച് ഒരു അക്ഷരം ഞാന്‍ പറയുകയില്ല. ദുഷ്ടനാണ് അയാള്‍. ഒരു ഭീകരന്‍.

സംയു, എനിക്കറിയാം, പക്ഷെ,

എടാ, ഒരു മിനിറ്റ്.

പിന്നീട് സംസാരിച്ചപ്പോള്‍ അവളുടെ ശബ്ദം കണ്ണീരില്‍ കുതിര്‍ന്നാണ് പുറത്ത് വന്നത്. ഞാന്‍ എന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് തന്നെ. അല്ലായിരുന്നെങ്കില്‍, ഞാന്‍...

അവള്‍ ആ ഒരു മിനിറ്റ് എന്ന് പറഞ്ഞ് തേങ്ങുകയായിരുന്നെന്ന് അപ്പോഴാണ് മനസ്സിലായത്.

എടീ, ഞാന്‍ നിന്നെ പിന്നീട് വിളിക്കാം. കുറച്ച് കൂടി അവളുടെ സങ്കടം കേട്ടാല്‍ അവന്‍ കരയുമെന്ന് തോന്നിയതിനാല്‍ അങ്ങനെ പറഞ്ഞു നിര്‍ത്തി. എത്രയോ തവണ ഇങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍ അവള്‍ പറഞ്ഞിരിക്കുന്നു.

അനിലെ ഞാന്‍ കിടക്കുവാന്‍ പോകുകയാണ്, എന്തോ ഒരു മൂഡ് ഓഫ്.

സാബു കട്ടിലില്‍ കിടന്ന് ഗുലാം അലിയുടെ ഗസ്സല്‍ ശ്രദ്ധിച്ചു.

ചുപ്കെ ചുപ്കെ രാത്ത് ദിന്‍ എന്ന് ഗുലാം അലിയുടെ ഗസ്സല്‍ മുഴങ്ങുന്നുണ്ടായിരുന്നു, കൂടെ അവാര്‍ഗിയിലെ മറ്റു പല പാട്ടുകളും അന്ന് ആ മുറിയില്‍ സ്വപ്നം നിറച്ചു കൊണ്ടിരുന്നു.

അവന്‍ ഫോണ്‍ എടുത്ത് സംയുക്തയെ വിളിച്ചു. എടീ നിനക്ക് ടോക്സോപ്ലസ്മാ കൊണ്ടിയോയെ അറിയാമോ, അത് മനസ്സിനെ സ്വാധീനിക്കുന്ന ഒരു പാരാസൈറ്റ് ആണ്. അതു പോലൊരു സാധനം നിന്റെ ഭര്‍ത്താവിന്റെ തലയിലും കയറും, അതോടു കൂടി നീ പറയുന്നത് അയാള്‍ ശ്രദ്ധിക്കും, ചെയ്യും. അയാളുടെ തലച്ചോറില്‍ കയറുന്ന ആ പാരാസൈറ്റിന് നീയൊരു പേരിട്ടോ. അയാള്‍ എലിയും നീ പൂച്ചയും ആണ്.

എപ്പോഴോ, സാബു ഉറക്കത്തിലേക്ക് വഴുതി വീണു. സതീഷ് അതാ അവന്റെ വെള്ള ബോര്‍ഡിന് മുമ്പില്‍ നില്‍ക്കുന്നു. എടാ പെട്ടാ അവളുടെ പ്രശ്നങ്ങള്‍ ഇതെല്ലാം അല്ലെ.

അതെ,

ആ പ്രശ്നങ്ങളെ വീണ്ടും അവന്‍ പല ഭാഗങ്ങളായി വിഭജിച്ചു. അത് വീണ്ടും. അവന്‍ അവന്റെ പ്രഭാഷണം തുടങ്ങി, ബോര്‍ഡില്‍ പലതും എഴുതാന്‍ തുടങ്ങി. ഒരു കംപ്യൂട്ടറിന്റെ പ്രോഗ്രം എഴുതുന്നതു പോലെ, അവന്‍ ജീവിതത്തിന്റെ പ്രശ്നങ്ങള്‍ എഴുതുവാന്‍ തുടങ്ങി. അതിന്റെ പോം വഴികളും.  ഇവന്‍ എന്താ വേറൊരു ഗെയിം തീയറി ഉണ്ടാക്കുകയാണോ? അതാ അവിടെ റ്റോമും ജെറിയും. അവര്‍ ഓടി നടക്കുന്നു.

അനില്‍ അപ്പോഴും ഉറക്കം വരാതെയിരിക്കുകയായിരുന്നു. അവന്‍ ചിന്തിക്കുക്കയായിരുന്നു, എത്ര വലിയ മിടുക്കനാണെങ്കിലും ഈ ജീവിതത്തിന്റെ പ്രഹേളിക മനസ്സിലാക്കുവാന്‍ സാധിക്കുകയില്ലല്ലോ.

റ്റീവിയില്‍ റ്റോമും ജെറിയും അപ്പോഴും ഓടി നടക്കുന്നുണ്ടായിരുന്നു.